കണ്ണൂർ, കാസർകോട് ജില്ലകളിലെ പുരുഷന്മാരിൽ ഏറെയും കല്യാണം കഴിക്കുന്നത് കർണാടകയിലെ കുടകിൽ നിന്ന്, ബ്രോക്കർമാർക്കും താൽപര്യം ഇവിടെ നിന്നുള്ള ആലോചനകൾ

0
317

ചെറുക്കന് പെണ്ണിനെ കിട്ടുന്നില്ലെന്ന പരിദേവനം മുഴങ്ങുന്നു മലബാറിൽ. ജാതിയോ ജാതകമോ വിഷയമല്ലെന്ന വാഗ്ദാനം നല്കിയിട്ടും ചെറുക്കൻ പുരനിറഞ്ഞുതന്നെ നിൽക്കുന്ന കാഴ്ചയാണ് എവിടെയും. മലബാറിലെ പെണ്ണുകിട്ടാത്ത പുരുഷന്മാരെ കണ്ട് പുരനിറഞ്ഞ പുരുഷൻ എന്നൊരു പ്രയോഗം പോലും ഉണ്ടായിവന്നത്രേ.

ഒരുകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കുപ്രസിദ്ധി നേടിയിരുന്ന കണ്ണൂർ ജില്ലയിലെ പാനൂരിൽ നിന്നു പെൺകുട്ടികൾക്ക് ചെറുക്കനെ കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. പാനൂരിന്റെ പേരുദോഷം മാറിയതോടെ ഈ പ്രശ്നത്തിന് പരിഹാരമായി. പിന്നീട് ഇവിടുത്തെ പുരുഷന്മാർക്കായി പെണ്ണുകിട്ടാത്ത ദുർഗതി .

തുടർന്ന് പാനൂർ പൊലീസ് പെണ്ണുകിട്ടാത്ത പുരുഷന്മാരെ കണ്ടെത്തി അവർക്കൊരു ജീവിതം നൽകാൻ വഴിയൊരുക്കിയതോടെ നാട് മുഴുവൻ പുകിലായി. പൊലീസിനെന്താ പെണ്ണുകെട്ടിക്കലാണോ പണിയെന്നായി ചോദ്യം. ഒടുവിൽ പെണ്ണുകെട്ടൽ പദ്ധതി പാതിവഴിയിലെത്തും മുമ്പ് സി.ഐ ഉൾപ്പടെയുള്ളവരെ കെട്ടുകെട്ടിച്ചതാണ് ചരിത്രം !

വധുവിനെ കിട്ടാതെ പുരനിറഞ്ഞ് നിൽക്കുന്ന പുരുഷന്മാർക്കായി കാസർകോട് ജില്ലയിലെ മടിക്കൈയിലെ വനിതകൾ ഏതാനും വർഷം മുമ്പ് സംവാദം സംഘടിപ്പിച്ചിരുന്നു. മടിക്കൈ പഞ്ചായത്ത് കുടുംബശ്രീയാണ് വാർഷികാഘോഷത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടിയുമായി രംഗത്തുവന്നത്. പെൺകുട്ടികളുടെ ഭർതൃസങ്കല്‌പങ്ങൾ മാറിയതോടെയാണ് പുരുഷന്മാർ പുരനിറഞ്ഞ് നിൽക്കാൻ തുടങ്ങിയത്. ഉത്തമമായ ദാമ്പത്യജീവിതം എന്നതിനൊപ്പം സങ്കല്‌പത്തിലെ ഭർത്താവിന് ഉയർന്ന ജോലി, സൗന്ദര്യം എന്നിവയും സുഖജീവിതവും പെൺകുട്ടികൾ ആഗ്രഹിച്ച് തുടങ്ങിയതോടെയാണ് പുരുഷന്മാർ വിവാഹ കമ്പോളത്തിൽനിന്ന് ഔട്ടായതെന്നാണ് ഇവരുടെ വാദം.

നിർമ്മാണത്തൊഴിലാളികൾ,​ പരമ്പരാഗത തൊഴിൽ മേഖലയിലുള്ളവർ,​ ഡ്രൈവർ,​ സ്വകാര്യ കമ്പനി തൊഴിലാളികൾ,​ മറ്റു ദിവസവേതനക്കാർ എന്നിവർ നേരിടുന്ന പ്രയാസം ചെറുതൊന്നുമല്ല. സർക്കാർ ജോലിയോ അതിനു തുല്യമായ സ്വകാര്യ ജോലിയോ ആണ് പെണ്ണും വീട്ടുകാരും ആവശ്യപ്പെടുന്നത്. പെൺകുട്ടികൾക്കിടയിലെ ഉന്നതവിദ്യാഭ്യാസ നിലവാരമാണ് ഒരു പക്ഷേ പുരുഷനെ മാറ്റിനിറുത്താൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഐ.ടി. ബിരുദം ഉൾപ്പടെ നേടിയവരാണ് മിക്ക പെൺകുട്ടികളും. തങ്ങളേക്കാൾ വിദ്യാഭ്യാസ നിലവാരം കൂടിയ പുരുഷനെയാണ് ജീവിതപങ്കാളിയായി സ്വീകരിക്കാൻ ആഗ്രഹിക്കുന്നത്. തൊഴിലാളികളായ പുരുഷന്മാരിൽ കൂടുതൽപേരും ബിരുദത്തിന് താഴെയാണ് വിദ്യാഭ്യാസ യോഗ്യത. അതുകൊണ്ടുതന്നെ വിവാഹകമ്പോളത്തിൽ ഇവർക്ക് മാർക്കറ്റ് കുറയുന്നു.

സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന മിക്ക കുടുംബങ്ങളിലും പുരുഷനാണ് പ്രധാന വരുമാന സ്രോതസ്സ്. അതുകൊണ്ടു തന്നെ പ്രാഥമിക വിദ്യാഭ്യാസം കഴിയുന്നതോടെ പുരുഷൻ ജോലി അന്വേഷിച്ചുള്ള അലച്ചിൽ തുടങ്ങും. വീട്ടിലെ മറ്റു പെൺകുട്ടികളെ പഠിപ്പിക്കുന്ന ചുമതലയും ഈ പുരുഷന്റെ തലയിൽത്തന്നെ. പെൺകുട്ടികളെ പഠിപ്പിച്ച് നല്ലനിലയിൽ എത്തിക്കുമ്പോഴാകും സഹോദരൻ പലപ്പോഴും വിവാഹത്തെക്കുറിച്ച് ആലോചിക്കുക. അപ്പോഴേക്കും പ്രതിസന്ധി ഇരട്ടിക്കും. പത്താംക്ളാസ് വിദ്യാഭ്യാസം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന പുരുഷന്റെ ജീവിതം ഇതോടെ വഴിമുട്ടും. എന്നാൽ പെൺകുട്ടികൾക്ക് ക്ഷാമമായതോടെ പത്താംക്ളാസ് യോഗ്യതയുള്ള സ്ത്രീകളും ഉന്നതവിദ്യാഭ്യാസവും ജോലിയുമുള്ളവരെയാണ് ജീവിത പങ്കാളികളായി സ്വീകരിക്കാൻ തയ്യാറാകുന്നത്.

പുരുഷന്മാരിൽ പലരും ജാതിമാറിയുള്ള വിവാഹത്തിന് തയ്യാറാകുന്നുണ്ടെങ്കിലും പെൺകുട്ടികളുടെ വീട്ടുകാർ സ്വന്തം ജാതിക്കാരെ മാത്രമേ വിവാഹം കഴിക്കാൻ താത്പര്യപ്പെടുന്നുള്ളൂ എന്നതും മറ്റൊരു യാഥാർത്ഥ്യം. കുലമഹിമ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വവും ഇവർ പെൺകുട്ടികളുടെ തലയിൽ വച്ചുകെട്ടുന്നു.

പെൺകുട്ടികളുടെ വിവാഹസങ്കൽപ്പങ്ങൾക്ക് മാറ്റം സംഭവിച്ചതും പുരുഷന്റെ സ്വപ്നങ്ങൾക്ക് തടസ്സമായി. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് പോലും ബോധവാന്മാരല്ലാത്ത പുരുഷന്മാരെ സ്ത്രീകൾ അവഗണിക്കാൻ തുടങ്ങിയിട്ടുണ്ട്. വീട്ടുജോലികൾ ചെയ്യാനുള്ള ആൾ എന്ന ധാരണയിൽ നിന്ന് വ്യത്യസ്തമായി തങ്ങളെ ബഹുമാനിക്കുന്ന പുരുഷന്മാരെയാണ് സ്ത്രീകൾ പ്രതീക്ഷിക്കുന്നത്.

സജീവമാകുന്ന കുടക് കല്യാണങ്ങൾ

അവിവാഹിതരായ പുരുഷന്മാർ പുരനിറയുമ്പോൾ വിവാഹ വിപണിയിൽ കുടക് ബന്ധങ്ങൾ വേരുറയ്‌ക്കുന്നു. കണ്ണൂർ,​ കാസർകോട് ജില്ലകളിൽനിന്ന് ഏറെപ്പേരും ഇപ്പോൾ വിവാഹം കഴിക്കുന്നത് കർണാടകയിലെ കുടക്,​ വീരാജ് പേട്ട,​ മടിക്കേരി സ്ഥലങ്ങളിൽ നിന്നാണ്. ഒരുരൂപ പോലും സ്ത്രീധനം നൽകാതെ മറ്റു വ്യവസ്ഥകളൊന്നുമില്ലാതെ പെണ്ണിനെ കൊടുക്കുന്നതാണ് ഇവരുടെ രീതി.

മൈസൂർ കല്യാണം,​ ഹരിയാന കല്യാണം,​ തമിഴ്നാട് കല്യാണം തുടങ്ങി അന്യസംസ്ഥാന വിവാഹങ്ങൾ മലബാറിൽ പുതുമയല്ല. മലബാറിലെ പെൺകുട്ടികളെയാണ് ഓരോ കാലത്ത് മൈസൂരിലേക്കും തമിഴ്നാട്ടിലേക്കും ഹരിയാനയിലേക്കും വിവാഹം കഴിപ്പിച്ച് അയച്ചിരുന്നത്. എന്നാൽ ഇപ്പോൾ നേരെ തിരിച്ചാണ്. പുരുഷനെ ചുരം കയറ്റി എത്തിക്കുന്നതാണ് ഇപ്പോൾ കുടകരുടെ രീതി.

കണ്ണൂർ,​ കാസർകോട് ജില്ലകളിൽനിന്നു പലരും പെണ്ണുതേടി കുടക് മലനിരകൾ താണ്ടാൻ തുടങ്ങിയതോടെ അവർക്കും ഡിമാന്റായി. പലരും സ്വ‌ർണവും പണവും മറ്റും നൽകണമെന്ന നിബന്ധനകളും ഇപ്പോൾ ഇവ‌ർ മുന്നോട്ട് വച്ച് തുടങ്ങിയിട്ടുണ്ട്.

കുടക് കല്യാണം മാത്രം ഉറപ്പിച്ചു നൽകുന്ന വിവാഹ ബ്രോക്കർമാരും വിവാഹ വിപണിയിൽ സജീവമായി. ഒരു വിവാഹം നടത്തിക്കൊടുത്താൽ അമ്പതിനായിരം മുതൽ ഒരു ലക്ഷം വരെയാണ് ബ്രോക്കർക്ക് കമ്മിഷനായി നൽകേണ്ടത്.

മാതൃകയായി പിണറായി പട്ടുവം പഞ്ചായത്തുകൾ

വിവാഹപ്രായം കഴിഞ്ഞിട്ടും പുരനിറഞ്ഞുനിൽക്കുന്ന യുവതീയുവാക്കളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ പിണറായി,​ പട്ടുവം പഞ്ചായത്തുകൾ ഇതിനകം മാതൃകയായിരിക്കുകയാണ്. കുറഞ്ഞത് 35 വയസെങ്കിലും ആയവർക്ക് രജിസ്റ്റർ ചെയ്യാം. പ്രായവും വിദ്യാഭ്യാസവും നോക്കി അനുയോജ്യരായവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കും. ജാതകവും ജാതിയും മതവും മാനദണ്ഡമല്ല. സ്ത്രീധനം പാടില്ല. സായൂജ്യം എന്ന പേരിൽ പിണറായി പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയിൽ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. പട്ടുവം പഞ്ചായത്തിന്റെ പദ്ധതി ‘നവമാംഗല്യം’ എന്ന പേരിലാണ്.

വിവാഹാലോചനയ്ക്ക് പഞ്ചായത്ത് സബ് കമ്മിറ്റിയുണ്ടാക്കും. പരസ്പരം കാണാൻ സൗകര്യമൊരുക്കും. ഇഷ്ടപ്പെട്ടാൽ ഇരുവർക്കും കൗൺസലിംഗ് നടത്തും. ലളിതമായ ചടങ്ങിലൂടെ വിവാഹിതരാവാൻ തയ്യാറായാൽ, പഞ്ചായത്തിന്റെ ചെലവിൽ നടത്തിക്കൊടുക്കും. ചെലവേറിയ ചടങ്ങായാൽ അത് സ്വയം വഹിക്കണം. സമൂഹ വിവാഹത്തിന് സന്നദ്ധമാണെങ്കിൽ,അതിനും പഞ്ചായത്ത് തയ്യാർ.

പിണറായി ഗ്രാമപഞ്ചായത്ത് ആരംഭിച്ച സായൂജ്യം മാട്രിമോണി വെബ്‌സൈറ്റിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 2600 പേർ. ഇതിൽ 2570 പുരുഷന്മാരും 30 സ്ത്രീകളുമാണ്. മനസറിഞ്ഞ് ഒന്നാകാം എന്ന സന്ദേശവുമായാണ് പദ്ധതി തുടങ്ങിയത്.

35 വയസ് കഴിഞ്ഞവർ, പങ്കാളി മരിച്ചവർ, നിയമപരമായി ബന്ധം വേർപെടുത്തിയവർ, പുനർവിവാഹം ആഗ്രഹിക്കുന്നവർ
തുടങ്ങിയവർക്ക് ജീവിതപങ്കാളിയെ കണ്ടെത്താത്താനാണ് സായൂജ്യം വെബ്‌സൈറ്റ് ആരംഭിച്ചത്. 25 വയസ് കഴിഞ്ഞ യുവതികൾക്കും രജിസ്റ്റർ ചെയ്യാം. മറ്റ് പഞ്ചായത്തുകളിലുള്ളവർക്ക് ഉൾപ്പടെ ഓൺലൈനായും പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയും രജിസ്റ്റർ ചെയ്യാം. പങ്കാളിയെ കണ്ടെത്തിയാൽ വെബ്‌സൈറ്റിലെ ഫോൺ നമ്പറിലൂടെ പ്രസിഡന്റിനേയോ വൈസ് പ്രസിഡന്റിനേയോ ബന്ധപ്പെടണം. തുടർന്ന് ഇരുവർക്കും താൽപര്യമുണ്ടെങ്കിൽ പഞ്ചായത്ത് രൂപീകരിച്ച പ്രത്യേക കമ്മിറ്റി നേരിട്ട് കാണാൻ അവസരമൊരുക്കും. തുടർന്ന് കൗൺസിലിംഗും നൽകും.

ഇത് ജീവിതമാണ്

35 വയസ് കഴിഞ്ഞിട്ടും വിവിധ കാരണങ്ങളാൽ വിവാഹം നടക്കാത്ത ഒട്ടേറെപ്പേർ പഞ്ചായത്ത് പരിധിയിലുണ്ടെന്ന് സർവേയിലൂടെ കണ്ടെത്തിയിരുന്നു. ഇതോടെ പഞ്ചായത്ത് പ്രത്യേക സബ്കമ്മറ്റികൾ രൂപീകരിച്ച് വയസ് തിരിച്ചുള്ള പട്ടിക തയ്യാറാക്കി. തുടർന്നാണ് ‘ഒന്നാകുന്ന മനസ്സ്, ഒന്നുചേരുന്ന കുടുംബബന്ധങ്ങൾ’ എന്ന സന്ദേശവുമായി വെബ്‌സൈറ്റ് തയ്യാറാക്കിയത്. 35ന് മുകളിൽ പ്രായമുള്ള പുരുഷന്മാരും 25നും 35നുമിടയിലുള്ള സ്ത്രീകളുമാണ് കൂടുതലും രജിസ്റ്റർ ചെയ്തത്.

വെബ്‌സൈറ്റ് വഴി പങ്കാളികളെ കണ്ടെത്തുന്നവർക്കായി പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ സമൂഹ വിവാഹത്തിന് സൗകര്യമൊരുക്കും –

കെ.കെ. രാജീവൻ ,

പ്രസിഡന്റ്,

പിണറായി ഗ്രാമപഞ്ചായത്ത്

LEAVE A REPLY

Please enter your comment!
Please enter your name here