കാസർകോട്: വ്യവസായ പ്രമുഖൻ യു.കെ.യൂസഫ് ആവിഷ്കരിച്ച ചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും നൂതനവുമായ കടൽതീര സംരക്ഷണ മാർഗം ‘യു.കെ.യൂസഫ് ഇഫക്ട്സ് സീവേവ് ബ്രേക്കേഴ്സ്’ നെല്ലിക്കുന്ന് കടപ്പുറത്ത് പരീക്ഷിക്കുന്നു. നിലവിൽ മറ്റു കടൽതീര സംരക്ഷണ പദ്ധതി വിജയിക്കാത്തിടത്താണ് യു.കെ. യൂസഫ് സീവേവ് ബേക്കേഴ്സ് പദ്ധതി എത്തുന്നത്.
കൂടാതെ തീരങ്ങൾക്ക് മനോഹാരിതയും ദൃശ്യഭംഗിയും ഒരുക്കുന്നതിനാൽ വിനോദസഞ്ചാര മേഖലയ്ക്കും ഈ പദ്ധതി പുത്തനുണർവ്വ് പകരുന്നു. കർണാടകയിലും ഉടൻ ഈ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ ബെമ്മെ അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രാരംഭ നടപടികൾ കർണാടകയിൽ ആരംഭിച്ചു കഴിഞ്ഞു. നെല്ലിക്കുന്നിൽ പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 27 ന് അഞ്ച് മണിക്ക് നടക്കും. മന്ത്രിമാരായ റോഷി ആഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ, കർണ്ണാടക ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി എസ്.അംഗാര തുടങ്ങിയവർ സംബന്ധിക്കും. ആയിരങ്ങൾ സംബന്ധിക്കുന്ന സംഗീത വിരുന്നോട് കൂടിയ വിപുലമായ ഉദ്ഘാടന പരിപാടിയാണ് സംഘാടകർ ആവിഷ്കരിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി ഹോട്ടൽ സിറ്റി ടവറിൽ ചേർന്ന യോഗം സ്വാഗതസംഘം രൂപീകരിച്ചു.ചെയർമാൻ അഡ്വ.വി.എം.മുനീറിനെയും ജനറൽ കൺവീനറായി യു.കെ.യൂസഫിനെയും തിരഞ്ഞെടുത്തു.
ഉറ്റുനോക്കി കർണാടകയും
കടലാക്രമണം തടയാൻ മലയാളി സംരംഭകനായ യുകെ യൂസഫ് രൂപംകൊടുത്ത പദ്ധതി കേരളത്തിന് പുറമെ കർണാടകവും ഒരുപോലെ പരീക്ഷിക്കുകയാണ്. കാലങ്ങളായി നടപ്പിലാക്കുന്ന പദ്ധതികളിലൂടെ കോടികൾ ചോരുന്നുണ്ടെങ്കിലും അവയൊന്നും ഫലപ്രദമായിരുന്നില്ല. നിരന്തരം പഠനത്തിന് ശേഷമാണ് യുസഫ് ഈ പദ്ധതിക്ക് രൂപം നൽകിയത്. നെല്ലിക്കുന്നിലെ പദ്ധതി നിർമ്മാണം കർണ്ണാടക മന്ത്രി അങ്കാരയുടെ നേതൃത്വത്തിലുള്ള സംഘം എത്തി പഠിച്ചിരുന്നു. തുടർന്നാണ് കർണ്ണാടകയിലും പദ്ധതി നടപ്പിലാക്കുന്നത്.
സീവേവ് ബ്രെക്കേഴ്സ്
ഒരു യൂണിറ്റ്
50 അടി നീളം
20 അടി വീതി
400 ടൺ ഭാരമുള്ള സ്‌ട്രെക്ച്ചർ.