ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ച് 1476 കോടിയുടെ ലഹരിക്കടത്ത്; പിന്നിൽ മലയാളികൾ

0
220

മുംബൈ∙ പഴം ഇറക്കുമതിയുടെ മറവിൽ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടർ എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി മോർ ഫ്രഷ് എക്സ്പോർട്സ് ഉടമ തച്ചാപറമ്പൻ മൻസൂറിനായി അന്വേഷണം ആരംഭിച്ചു.

198 കിലോ മെത്തും ഒൻപതും കിലോ കൊക്കെയ്നുമാണ് ഇവർ ദക്ഷിണാഫ്രിക്കയിൽനിന്ന് മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയത്. ഓറഞ്ചിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. സ്ഥാപനത്തിന്റെ വെയർഹൗസും ശീതീകരണികളും കാലടിയിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ് ഇതെന്ന് ‍ഡിആർഐ വ്യക്തമാക്കി.

കോവിഡ് സമയത്ത്, മൻസൂർ മുഖേന വിജിൻ ദുബായിലേക്ക് മാസ്ക് കയറ്റുമതി ചെയ്തിരുന്നതായി ഡിആർഐ ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നീട് മൻസൂറിന്റെ സഹായത്തോടെ ദക്ഷിണാഫ്രിക്കയിൽനിന്ന് ഓറഞ്ച് ഇറക്കുമതി ചെയ്ത് നല്ല ലാഭം നേടി. ഇതോടെ പരസ്പര ധാരണയോടെ വിജിനനും മൻസൂറും ഇതു തുടർന്നു.

വാട്സാപ് വഴിയാണ് ഓർഡർ നൽകിയിരുന്നത്. ഉദ്യോഗസ്ഥരുടെ പരിശോധനയിൽനിന്ന് രക്ഷപ്പെടുന്നതിനായി പർച്ചേസ് ഓർഡർ ഉണ്ടാകില്ല. ലാഭത്തിന്റെ 70% വിജിനും 30% മൻസൂറുമാണ് പങ്കിട്ട് എടുത്തിരുന്നതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. വിജിന്റെ സഹോദരൻ ജിബിൻ വർഗീസുമായി ചേർന്നാണ് മോർ ഫ്രഷ് എന്ന കമ്പനി മൻസൂർ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here