ഇന്റര്‍നെറ്റില്‍ അതിവേഗം കുതിക്കാന്‍ ഇന്ത്യ; രാജ്യത്ത് 5 ജി സേവനങ്ങള്‍ക്ക് തുടക്കം, മോദി ഉദ്ഘാടനം ചെയ്തു

0
212

ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സേവനങ്ങള്‍ നിലവില്‍ വന്നു. അഞ്ചാംതലമുറ ടെലികോം സ്‌പെക്ട്രം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ന്യൂഡല്‍ഹി പ്രഗതി മൈതാനിലെ ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സില്‍ വെച്ചായിരുന്നു 5 ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.

രാജ്യത്ത് 5 ജി സേവനം ലഭ്യമാക്കുന്ന റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡോഫോണ്‍-ഐഡിയ കമ്പനി മേധാവികളും ചടങ്ങില്‍ സംബന്ധിച്ചു. തുടക്കത്തില്‍, രാജ്യത്തെ തെരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളിലായിരിക്കും അതിവേഗത ഉറപ്പാക്കുന്ന 5 ജി ടെലികോം സേവനം ലഭ്യമാകുക. ദീപാവലിയോടെ ചെന്നൈ, മുംബൈ, ഡൽഹി, കൊല്‍ക്കത്ത നഗരങ്ങളിൽ സേവനം ലഭ്യമാക്കുമെന്ന് ജിയോ പ്രഖ്യാപിച്ചു കഴിഞ്ഞു.

5 ജി ലഭ്യമാകുന്നതോടെ നിത്യജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5 ജി നിലവില്‍ വരുന്നതോടെ സേവന-വാണിജ്യ-ശാസ്ത്ര സാങ്കേതിക രംഗത്തു മാത്രമല്ല, ടെലിമെഡിസിന്‍ അടക്കം ചികിത്സാരംഗത്തും ഏറെ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്റര്‍നെറ്റിന്റെ അതിവേഗമാണ് മറ്റൊരു സവിശേഷത.

4 ജിയില്‍ ഇന്റര്‍നെറ്റ് വേഗം എംബിപിഎസിലാണെങ്കില്‍ 5 ജി വരുന്നതോടെ അത് ജിബിപിഎസിലേക്ക് കുതിക്കും. നിലവില്‍ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ 4 ജിയില്‍ 10 മിനുട്ട് വേണമെങ്കില്‍ 5 ജിയില്‍ വെറും മൂന്നര സെക്കന്‍ഡ് മതിയാകും. ഇന്റര്‍നെറ്റിലെ സ്ട്രീമിങ് തടസ്സവും മാറും.

കഴിഞ്ഞ മാസമാണ് രാജ്യത്ത് ചരിത്രത്തിലെ വലിയ സ്പെക്ട്രം ലേലം നടന്നത്. ഒരാഴ്ച്ച നീണ്ടു നിന്ന് ലേലത്തില്‍ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപക്ക് മുകളില്‍ ലേലം വന്നു. മൊത്തം 51.2 ഏഒ്വ സ്പെക്ട്രം വിറ്റഴിച്ചു.  ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ 5ജി സേവനം വ്യാപിപ്പിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here