ഇനി ദിനങ്ങള്‍ എണ്ണിത്തീര്‍ക്കാം; ഖത്തറിന്‍റെ മുറ്റത്ത് ഫിഫ ലോകകപ്പ് കിക്കോഫിന് ഒരു മാസം

0
251

ദോഹ: ഫുട്ബോള്‍ ലോകത്തിന്‍റെ ആവേശം അറേബ്യന്‍ മണല്‍ത്തരികളെ നൃത്തം ചവിട്ടാന്‍ ഒരു മാസം മാത്രം. ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പിന് കൃത്യം ഒരു മാസമാണ് അവശേഷിക്കുന്നത്. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് കിക്കോഫാകും.

കാൽപ്പന്തിന്‍റെ ലോകപൂരം ആദ്യമായി അറേബ്യൻ മണ്ണിലേക്ക് ആവേശം വിതറാനെത്തുകയാണ്. ഒപ്പം വീണ്ടുമൊരു ഫിഫ ലോകകപ്പ് കൂടി ഏഷ്യയുടെ ആകാശത്ത് ഫുട്ബോളാരവം തീര്‍ക്കാനൊരുങ്ങുന്നു. ആതിഥേയരായ ഖത്തറടക്കം 32 ടീമുകളും താരങ്ങളെ സജ്ജരാക്കി ഒരുങ്ങുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അഞ്ചുവട്ടം കിരീടം നേടിയ ബ്രസീലും തോൽവിയറിയാതെ കുതിക്കുന്ന ലിയോണല്‍ മെസിയുടെ അർജന്‍റീനയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പടയുമെല്ലാം ഫേവറൈറ്റുകൾ. ലോക റാങ്കിംഗിലെ ഒന്നാംസ്ഥാനക്കാര്‍ക്ക് കാലിടറുന്ന പതിവ് ഖത്തറില്‍ മാറ്റിയെഴുതപ്പെടുമോ എന്ന ആകാംക്ഷയും സജീവം. കാനറികളാണ് നിലവിലെ ഒന്നാംസ്ഥാനക്കാര്‍

നാല് ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും. ഖത്തറിന്‍റെ മണലാരണ്യത്ത് പച്ചപുതച്ച എട്ട് മൈതാനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. കുഞ്ഞുരാജ്യമെങ്കിലും ടൂർണമെന്‍റിനെ ലോകം ഇതുവരെ കാണാത്ത ഉത്സവമാക്കി മാറ്റാൻ ഖത്തര്‍ തയ്യാറായിക്കഴിഞ്ഞു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഡിയങ്ങളാണ് ലോകകപ്പിനെ വരവേല്‍ക്കുന്നത്. 30 ലക്ഷത്തോളം ടിക്കറ്റുകള്‍ ഇതുവരെ വിറ്റുപോയി. ടിക്കറ്റും ഹയ്യാ കാർഡുമുള്ളവർക്ക് മാത്രമാണ് ലോകകപ്പ് കാലത്ത് ഖത്തറിലേക്ക് പ്രവേശനം.

ടൂർണമെന്‍റിന് മുൻപ് ഒരുക്കങ്ങൾ വിലയിരുത്തിയ ഫിഫ സംഘത്തിന് പൂർണതൃപ്തിയാണ്. ഖത്തറിലേത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കുമെന്ന് ഫിഫ പ്രസിഡന്‍റ് ഇൻഫാന്‍റിനോ പറയുന്നു. വൈകിട്ട് 3.30 മുതൽ രാത്രി 12.30 വരെയുള്ള സമയങ്ങളിലാണ് കിക്കോഫ് എന്നതിനാൽ ടിവി പ്രേക്ഷകർക്കിടയിലും ഖത്തർ ലോകകപ്പ് റെക്കോർഡിട്ടേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here