ഇങ്ങനെയുണ്ടോ ഒരു പുറത്താകല്‍? ഹെറ്റ്‌മെയര്‍ വിന്‍ഡീസിന്റെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്, കാരണം വിചിത്രം

0
303

ഗയാന: ക്രിക്കറ്റ് താരങ്ങള്‍ ടീമില്‍ നിന്ന് പുറത്താവാന്‍ പല പല കാരണങ്ങള്‍ ഉണ്ടായിരിക്കും. പരിക്കാവാം അല്ലെങ്കില്‍ വ്യക്തിപരമായ കാരണങ്ങള്‍ കാരണം വിട്ടുനില്‍ക്കുന്നവരുണ്ടാവാം. എന്നാല്‍ ഷിംറോണ്‍ ഹെറ്റ്‌മെയന്‍ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് പുറത്തായതിന്റെ കാരണം വിചിത്രമാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്ന താരത്തിന് പരിക്കൊന്നുമില്ല. ഓസ്‌ട്രേലിയയിലേക്കുള്ള ഫ്‌ളൈറ്റ് മിസായതിനാണ് അദ്ദേഹത്തെ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് പുറത്താക്കിയത്.

പകരം ഷംറ ബ്രൂക്‌സിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരെ രണ്ട് ടി20 മത്സരങ്ങള്‍ വിന്‍ഡീസ് കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒക്ടോബര്‍ ഒന്നിനായിരുന്നു വിന്‍ഡീസ് താരങ്ങള്‍ക്ക് ഓസ്ട്രേലിയയിലേക്കുള്ള യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. പിന്നാലെ താരത്തോട് അടുത്തദിവസത്തെ ഫ്‌ളൈറ്റിന് എത്താന്‍ പറഞ്ഞു. എന്നാല്‍ കൃത്യസമയത്ത് ഹെറ്റ്‌മെയര്‍ക്ക് എയര്‍പോര്‍ട്ടില്‍ എത്താന്‍ സാധിച്ചില്ല. കുടുംബപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരത്തിന് എത്താന്‍ സാധിക്കാതെ പോയത്.

ഇതോടെ ലോകകപ്പിനുള്ള സ്‌ക്വാഡില്‍ നിന്ന് ഹെറ്റ്മെയറെ നീക്കിക്കൊണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ അറിയിപ്പ് പുറത്തുവന്നു. നാളെയാണ് ഓസീസിനെതിരായ ആദ്യ മത്സരം. അതിന് മുന്നോടിയായി ബ്രൂക്‌സിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. രണ്ടാം ടി20 ഏഴിന് നടക്കും. ലോകകപ്പിന് മുമ്പ് വിന്‍ഡീസ് കളിക്കുന്ന അവസാന പരമ്പരയാണിത്. പിന്നാലെ ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ സ്‌കോട്‌ലന്‍ഡ്, സിംബാബ്‌വെ, അയര്‍ലന്‍ഡ് എന്നിവര്‍ക്കെതിരെ കളിക്കും. ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ക്ക് മാത്രമാണ് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടുക.

ഇക്കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തല്ലവാസിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ ബ്രൂക്ക്‌സ് നിര്‍ണയാക പങ്കുവഹിച്ചിരുന്നു. 47 പന്തില്‍ പുറത്താവാതെ 109 റണ്‍സാണ് ബ്രൂക്ക്‌സ് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here