‘ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍’ വിഭാഗത്തിലുള്ള 19 കോക്ടെയില്‍ അഥവാ മരുന്നുസംയുക്തങ്ങളില്‍ 14 എണ്ണവും നിരോധിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്‍റെ (ഡിസിജിഐ) ഉപദേശക ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഡോ. റെഡ്ഡീസ് ഡയലക്‌സ് ഡിസി, മാന്‍കൈന്‍ഡ്‌സ് ടെഡികഫ്, കോഡിസ്റ്റാര്‍, അബോട്ടിന്റെ ടോസെക്‌സ്, ഗ്ലെന്‍മാര്‍ക്കിന്റെ അസ്‌കോറില്‍ സി തുടങ്ങിയ ചുമയ്ക്കുള്ള സിറപ്പുകളാണ് നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡിസിജിഐയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
ഒരു മരുന്നില്‍ നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ മരുന്നുകളുടെ സംയോജനമാണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷനുകള്‍. ഫെബ്രുവരി രണ്ടിനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 19 നിശ്ചിത ഡോസ് കോമ്പിനേഷനുകള്‍ അവലോകനം ചെയ്യാന്‍ വിദഗ്ധസമിതി രൂപീകരിച്ചത്. 19-ല്‍ അഞ്ച് മരുന്നുകള്‍ക്ക് ഇടക്കാല ആശ്വാസം നല്‍കിയിട്ടുണ്ടെങ്കിലും അവയുടെ ഉപയോഗത്തെ സാധൂകരിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ കമ്പനികളോട് ആരാഞ്ഞിട്ടുണ്ട്.
അതേസമയം, ഭാരത് ബയോടെക്കിന്റെ കൊവിഡ് നേസൽ വാക്സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അംഗീകാരം നൽകി. അടിയന്തര സാഹചര്യങ്ങളിൽ 18 വയസ്സിനു മുകളിലുള്ളവരിൽ നിയന്ത്രിത ഉപയോഗത്തിനാണ് അനുമതി. രാജ്യത്ത് അനുമതി ലഭിക്കുന്ന ആദ്യ കൊവിഡ് പ്രതിരോധ നാസൽ വാക്സിനാണിത്. നേസല്‍ വാക്സിൻ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ഇനി വലിയ പങ്ക് വഹിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. എന്നാല്‍ ഇതെക്കുറിച്ച് കുറച്ചുകൂടി വ്യക്തത വന്നെങ്കില്‍ മാത്രമേ അനുമതി നല്‍കാൻ സാധിക്കൂവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
മൂക്കിലൂടെ വാക്സിനെടുക്കുമ്പോള്‍ ഉള്ള ഗുണമെന്തെന്നാല്‍ വൈറസ് പ്രധാനമായും ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തന്നെ മൂക്കിലൂടെയാണ്. ഇവിടെ വച്ച് തന്നെ വൈറസിനെ പിടിച്ചുകെട്ടാൻ സാധിച്ചാല്‍ അത് രോഗം പിടിപെടുന്നതില്‍ നിന്നും അത് തീവ്രമാകുന്നതില്‍ നിന്നും രോഗിയെ രക്ഷപ്പെടുത്തുന്നു. ഇതുവഴി രോഗവ്യാപനവും വലിയ രീതിയില്‍ നിയന്ത്രിതമാക്കാൻ സാധിക്കും.