അസര്‍ അടിച്ചോടിച്ചു, വൈശാഖ് എറിഞ്ഞിട്ടു; മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടകയെ തുരത്തി കേരളം

0
194

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് കരുത്തരായ കര്‍ണാടകയെ കേരളം 53 റണ്‍സിന് തോല്‍പിച്ചു. കേരളം മുന്നോട്ടുവെച്ച 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കര്‍ണാടകയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 126 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മുഹമ്മദ് അസറുദ്ദീന്‍റെ ബാറ്റിംഗ് കരുത്തിന് പിന്നാലെ വൈശാഖ് ചന്ദ്രന്‍റെ ബൗളിംഗ് മികവാണ് കേരളത്തിന് ജയമൊരുക്കിയത്.

വിജയം വൈശാഖ്

4 ഓവറില്‍ വെറും 11 റണ്ണിന് നാല് പേരെ പുറത്താക്കിയ വൈശാഖ് ചന്ദ്രന്‍റെ ബൗളിംഗാണ് ശക്തമായ ബാറ്റിംഗ് നിരയുള്ള കര്‍ണാടകയുടെ വിജയപ്രതീക്ഷകള്‍ എറിഞ്ഞിട്ടത്. ആദ്യ ഓവറിലെ നാലാം പന്തില്‍ മായങ്ക് അഗര്‍വാളിനെ(1 പന്തില്‍ 0) പുറത്താക്കിത്തുടങ്ങിയ വൈശാഖ് പിന്നാലെ ചേതന എല്‍ ആ‍ര്‍(6 പന്തില്‍ 0), ദേവ്‌ദത്ത് പടിക്കല്‍(18 പന്തില്‍ 9), മനീഷ് പാണ്ഡെ(11 പന്തില്‍ 9) എന്നിവരെയും പുറത്താക്കി. ഇതോടെ കര്‍ണാടക 9.5 ഓവറില്‍ 4 – 52 എന്ന നിലയില്‍ പരുങ്ങി. പിന്നാലെ വിക്കറ്റ് കീപ്പര്‍ ലവ്‌നീത് സിസോദിയായെ(28 പന്തില്‍ 36) മിഥുന്‍ എസ് മടക്കിയതോടെ കര്‍ണാടക പതറി. എം എസ് ബന്‍ഗേഡിനെ(8 പന്തില്‍ 5) സിജോമോന്‍ ജോസഫും ക‍ൃഷ്‌ണപ്പ ഗൗതമിനെ(3 പന്തില്‍ 2) കെ എം ആസിഫും മടക്കി. ജെ സുചിത്താവട്ടെ 10 പന്തില്‍ 5 റണ്ണുമായി മിഥുന് കീഴടങ്ങി.

വാലറ്റത്തെ കൂട്ടുപിടിച്ച് അഭിനവ് മനോഹര്‍ നടത്തിയ തികയാതെവന്നു കര്‍ണാടകയ്ക്ക്. അഭിനവ് 27 പന്തില്‍ 46* റണ്‍സുമായി പുറത്താകാതെനിന്നു. ബേസില്‍ തമ്പിയുടെ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ വൈശാഖ്(8 പന്തില്‍ 10) പുറത്തായി.

അസര്‍ ഹീറോ

നേരത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസറുദ്ദീന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിക്കരുത്തില്‍ കര്‍ണാടകക്കെതിരെ കേരളം മികച്ച സ്കോറിലെത്തുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം അസറിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗിന്‍റെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179  റണ്‍സെടുത്തു. 47 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും ഉള്‍പ്പടെ 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അസറാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. അസറിന് പുറമെ ഓപ്പണര്‍ വിഷ്ണു വിനോദ്(27 പന്തില്‍ 34) മാത്രമാണ് കേരളത്തിനായി തിളങ്ങിയത്.

രോഹന്‍ കുന്നുമ്മല്‍ 15 പന്തില്‍ 16 ഉം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും കൃഷ്‌ണ പ്രസാദും 11 പന്തില്‍ 8 വീതവും റണ്‍സെടുത്ത് പുറത്തായി. അസറിനൊപ്പം അബ്‌ദുള്‍ ഭാസിത് പി എ(9 പന്തില്‍ 9*) പുറത്താകാതെ നിന്നു. കര്‍ണാടകയ്ക്കായി ജെ സുചിത് നാലോവറില്‍ 25 റണ്‍സിനും വി വൈശാഖ് 39 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here