‘അധിക്ഷേപിച്ചാല്‍ മന്ത്രിസ്ഥാനം റദ്ദാക്കും’; മന്ത്രിമാര്‍ക്ക് മുന്നറിപ്പുമായി ഗവര്‍ണര്‍

0
317

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാര്‍ ഗവര്‍ണറെ അധിക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയെടുക്കാന്‍ മടിക്കില്ലെന്നും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. ഗവര്‍ണറുടെ പ്രസ്താവന രാജ്ഭവന്‍ പിആര്‍ഒയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

വിവിധ വിഷയങ്ങളെച്ചൊല്ലി സര്‍ക്കാരുമായി പോര് കനക്കുന്നതിനിടെയാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉള്‍പ്പെടെ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഭിന്നതകളുണ്ട്. തന്റെ നിര്‍ദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15 അംഗങ്ങളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയോഗ്യരാക്കിയിരുന്നു. യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ സെനറ്റംഗങ്ങളെ ഗവര്‍ണര്‍ അയോഗ്യരാക്കുന്നത് സംസ്ഥാനചരിത്രത്തില്‍ തന്നെ ആദ്യസംഭവമാണ്.

തുടര്‍ന്ന് പ്രൊഫസര്‍ തസ്തികയിലെത്തി പത്തുവര്‍ഷം കഴിഞ്ഞ അധ്യാപകരുടെ പട്ടിക ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍, കൊച്ചി സര്‍വകലാശാലകളോടാണ് വിവരം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമയബന്ധിതമായി നിയമനം സാധ്യമാകില്ലെന്ന് കണ്ടാണ് പ്രൊഫസര്‍ക്ക് താത്കാലിക ചുമതല നല്‍കാനൊരുങ്ങുന്നത്. മുന്‍കാലങ്ങളില്‍ സര്‍ക്കാരുമായി ഗവര്‍ണര്‍ കൂടിയാലോചിക്കാറുണ്ടായിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ സ്വന്തംനിലയിലായിരിക്കും താത്കാലിക വി.സി.യെ നിയമിക്കുകയെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here