അട്ടിമറി ആവര്‍ത്തിച്ച് അയര്‍ലന്‍ഡ്; ഇംഗ്ലണ്ടിനെ വീഴ്ത്തി ചരിത്രനേട്ടം

0
264

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ ആദ്യ വമ്പന്‍ അട്ടിമറിയില്‍ അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചു. മഴ നിയമത്തിന്‍റെ പിന്‍ബലത്തിലാണ് അയര്‍ലന്‍ഡിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 19.2 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇംഗ്ലണ്ട് 14.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു നില്‍ക്കെ മഴ മൂലം മത്സരം നിര്‍ത്തിവെച്ചു. പിന്നീട് മത്സരം തുടരാനാവാതെ വന്നതോടെ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അയര്‍ലന്‍ഡ് അഞ്ച് റണ്‍സിന് ജയിച്ചു. മഴ മൂലം കളി നിര്‍ത്തുമ്പോള്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ട് നേടേണ്ട സ്കോറിന് അഞ്ച് രണ്‍സിന് പിന്നിലായിരുന്നു. സ്കോര്‍ അയര്‍ലന്‍ഡ് 19.2 ഓവറില്‍ 157ന് ഓള്‍ ഔട്ട്. ഇംഗ്ലണ്ട് 14.3 ഓവറില്‍ 105-5.

ആദ്യ ഓവറിലെ അടിതെറ്റി ഇംഗ്ലണ്ട്

അയര്‍ലന്‍ഡിന്‍റെ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ആദ്യ ഓവറിലെ അടിതെറ്റി. ജോഷ്വാ ലിറ്റിലിന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പൂജ്യനായി മടങ്ങി.മൂന്നാം ഓവറില്‍ അലക്സ് ഹെയില്‍സിനെ(7)നെയും ജോഷ്വാ ലിറ്റില്‍ മടക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി. പവര്‍ പ്ലേയില്‍ തന്നെ ബെന്‍ സ്റ്റോക്സിന്‍റെ(6) കുറ്റി തെറിപ്പിച്ച് ഫിയോന്‍ ഹാന്‍ഡ് ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. 29-3 എന്ന സ്കോറില്‍ സമ്മര്‍ദ്ദതിതലായ ഇംഗ്ലണ്ടിനെ ഹാരി ബ്രൂക്കും(18) ഡേവിഡ് മലനും ചേര്‍ന്ന് 50 കടത്തിയെങ്കിലും ബ്രൂക്കിനെ ഡോക്‌റെലും മലനെ ബാരി മക്കാര്‍ത്തിയും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് തോല്‍വി മുന്നില്‍ക്കണ്ടു.

മൊയീന്‍ അലി(12 പന്തില്‍ 24) ലിയാം ലിവിംഗ്സ്‌റ്റണ്‍(1) കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ വിജയവര കടത്തുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വീണ്ടും മഴ എത്തിയത്. ഇതോടെ മത്സരം നിര്‍ത്തിവെച്ചു. ഈ സമയം ഇംഗ്ലണ്ട് 14.3 ഓവറില്‍ 105-5 എന്ന സ്കോറിലായിരുന്നു. മഴനിയമപ്രകാരം വേണ്ട സ്കോറിനേക്കാള്‍ അഞ്ച് റണ്‍സ് കുറവ്. പിന്നീട് മത്സരം പുനരാരംഭിക്കാനാവാഞ്ഞതോടെ ഐറിഷ് പട വിജയവുമായി മടങ്ങി. അയര്‍ലന്‍ഡിനായി ജോഷ്വാ ലിറ്റില്‍ മൂന്നോവറില്‍ 16 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ അയര്‍ലന്‍ഡിന് പോള്‍ സ്റ്റെര്‍ലിംഗും ബാല്‍ബിറിനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. മൂന്നാം ഓവറില്‍ സ്റ്റെര്‍ലിഗ്(8 പന്തില്‍ 14) പുറത്തായശേഷം ക്രീസിലെത്തിയ ലോര്‍കാന്‍ ടക്കര്‍ ബാല്‍ബിറിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ പവര്‍ പ്ലേയില്‍ അയര്‍ലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സിലെത്തി. പത്തോവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 92 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു അയര്‍ലന്‍ഡ്.

എന്നാല്‍ 12-ാം ഓവറില്‍ ഓവറില്‍ ടക്കര്‍(27 പന്തില്‍ 34) റണ്‍ ഔട്ടായതോടെ അയര്‍ലന്‍ഡിന്‍റെ തകര്‍ച്ച തുടങ്ങി. അടുത്ത ഓവറില്‍ ടെക്ടറെ(0) മാര്‍ക്ക് വുഡ് പൂജ്യനായി മടക്കി. പതിനഞ്ചാം ഓവറില്‍ 127-3ല്‍ എത്തിയ അയര്‍ലന്‍ഡിന് പക്ഷെ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായി. പതിനാറാം ഓവറില്‍ ലിയാം ലിവിംഗ്‌സ്റ്റണ്‍ ബാല്‍ബിറിനെ(47 പന്തില്‍ 62) വീഴ്ത്തി.അതേ ഓവറില്‍ ഡോക്‌റെലിനെ ലിവിംഗ്സറ്റണ്‍ ഗോള്‍ഡന്‍ ഡക്കാക്കി. തൊട്ടടുത്ത ഓവറില്‍ കാംഫറെ(11 പന്തില്‍ 17) വുഡ് മടക്കി. പിന്നീട് വിക്കറ്റുകളുടെ ഘോഷയാത്രയായതോടെ അയര്‍ലന്‍ഡിന് അവസാന അഞ്ചോവറില്‍ 30 റണ്‍സ് മാത്രമെ നേടാനായുള്ളു.

ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് നാലോവില്‍ 34 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ലിയാം ലിവിംഗ്സറ്റണ്‍ മൂന്നോവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. സാം കറന്‍ മൂന്നോവറില്‍ 30 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി

LEAVE A REPLY

Please enter your comment!
Please enter your name here