കാസർകോട്: പെരിയയിൽ ദേശീയപാതയുടെ ഭാഗമായി നിർമിക്കുന്ന അടിപ്പാത തകർന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. അപകടം നടന്ന സ്ഥലം സന്ദർശിക്കുന്നതിനിടെ ആയിരുന്നു എംപിയുടെ പ്രതികരണം. അടിപ്പാത തകർന്ന വിവരം അറിഞ്ഞപ്പോൾ തന്നെ കരാറുകാരായ മേഘാ കൺസ്ട്രക്ഷൻസ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. അടിപ്പാത തകർന്നതിനു കാരണം എന്തെന്ന് കരാറുകാർക്ക് അറിയില്ല. ‘പാഴൂർ പടിയിൽ പോയി കവടി നിരത്തി നോക്കാനാണ് അവർ പറഞ്ഞത്’ എംപി പരിഹസിച്ചു.
പാത ഇടിഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. കോൺക്രീറ്റ് ചെയ്തതിൽ സംഭവിച്ച പിഴവാണ് കാരണമെന്നു എംപി വിമർശിച്ചു. സമയബന്ധിതമായി പണി പൂർത്തിയാക്കാനുള്ള കരാറുകാരുടെ തിടുക്കത്തിനിടെയാകാം അപകടം സംഭവിച്ചതെന്നും എംപി വിമർശിച്ചു. അപകടവിവരം അറിഞ്ഞപ്പോൾ തന്നെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ വിവരമറിയിച്ചിരുന്നു. അടിപ്പാതയുടെ നിർമാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടതായും എംപി പറഞ്ഞു.