CrPCയിലും IPCയിലും മാറ്റംവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍; ബില്‍ ഉടനെന്ന് ചിന്തന്‍ശിബിരത്തില്‍ അമിത് ഷാ

0
231

ന്യൂഡല്‍ഹി: രാജ്യത്ത് ക്രിമിനല്‍ നടപടി ചട്ടം (സി.ആര്‍.പി.സി.), ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി.) എന്നിവയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിന്റെ കരട് ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഹരിയാനയിലെ സൂരജ്കുണ്ഡില്‍, സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ആഭ്യന്തര മന്ത്രിമാരും ആഭ്യന്തര സെക്രട്ടറിമാരും പങ്കെടുത്ത ദ്വിദിന ചിന്തന്‍ ശിബിരത്തിലാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രിയുടെ പ്രഖ്യാപനം.

സി.ആര്‍.പി.സി, ഐ.പി.സി എന്നിവ കാലോചിതമായി പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് നിരവധി നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. അവ പരിശോധിച്ചു വരികയാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന കരട് ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞുവെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
 
ദേശീയ അന്വേഷണ ഏജന്‍സിയെ കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ശക്തിപ്പെടുത്തുന്ന കാര്യവും അമിത് ഷാ പ്രഖ്യാപിച്ചു. എന്‍ഐഎക്ക് വിശാല അധികാരം നല്‍കിയിട്ടുണ്ടെന്നും 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം തീവ്രവാദ കേസുകള്‍ 34 ശതമാനത്തോളം കുറഞ്ഞതായി അമിത് ഷാ അവകാശപ്പെട്ടു. സൈനികര്‍ കൊല്ലപ്പെടുന്നതില്‍ 64 ശതമാനത്തോളം കുറവുണ്ടായി. സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ 90 ശതമാനം കുറവുണ്ടായെന്നും അമിത് ഷാ അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here