മലപ്പുറം: കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലീംലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ക്കാകും ഇത് വഴിവെക്കുക. ഒരാള്‍ക്ക് ഒരു പദവി, ജനപ്രതിനിധികള്‍ക്ക് മൂന്ന് ടേം തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ് യോഗം തീരുമാനിച്ചത്. ഇത് നടപ്പാക്കിയാല്‍ സംഘടനാ, പാര്‍ലമെന്ററി രംഗത്തെ പാര്‍ട്ടിയുടെ മുഖം തന്നെ മാറും.
ലീഗ് ദേശീയ നേതൃത്വത്തിന്റെ ഭാഗമായ കേരളത്തില്‍ നിന്നുള്ള നേതാക്കളെല്ലാം ഒന്നിലധികം പദവി വഹിക്കുന്നവരാണ്. പ്രമുഖ നേതാക്കള്‍ പാര്‍ലമെന്ററി സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. സംസ്ഥാന ഭാരവാഹികളില്‍ ചിലരും പാര്‍ലമെന്ററി പദവികളിലുള്ളവരാണ്. ലീഗ് എംപിമാരിലും എംഎല്‍എമാരിലും പകുതിയിലേറെ പേര്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയവരുമാണ്.
ഈ രണ്ട് തീരുമാനങ്ങളും നേരത്തെ എടുത്തിരുന്നതാണെങ്കിലും നടപ്പായിരുന്നില്ല. എന്നാല്‍ ഇത്തവണ പ്രമുഖ നേതാക്കള്‍ക്ക് ഇളവു നല്‍കി തീരുമാനം നടപ്പാക്കാനാണ് തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിബാബ് തങ്ങളുടേതായിരിക്കും.