ന്യൂഡല്‍ഹി: യുപിഐ പ്ലാറ്റ്‌ഫോമില്‍ റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ഫീസ് ചുമത്തിലെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. അടുത്തിടെയാണ് റുപേ ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ബാങ്കുകള്‍ സേവനം ആരംഭിച്ചിട്ടുണ്ട്. യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക് എന്നിവയാണ് യുപിഐ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നത്.
റുപേ ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തനം തുടങ്ങിയിട്ട് നാലുവര്‍ഷമായി.റുപേ ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്നതിന് അനുമതി നല്‍കിയതോടെ, ഓണ്‍ലൈന്‍ വില്‍പ്പന രംഗത്ത് ഇനിയും മുന്നേറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് വില്‍പ്പന നടക്കുന്നത് എന്നതിനാല്‍ കച്ചവടക്കാരും വലിയ പ്രതീക്ഷയിലാണ്.
വിര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസുമായി ക്രെഡിറ്റ് കാര്‍ഡുകളെ ബന്ധിപ്പിച്ചാണ് യുപിഐ സേവനം ലഭ്യമാക്കുന്നത്. യുപിഐ പിന്‍ സെറ്റ് ചെയ്ത് കൊണ്ട് തന്നെയാണ് ഇടപാട് നടത്താന്‍ സാധിക്കുക. യുപിഐ പ്ലാറ്റ്‌ഫോമില്‍ റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് നിരക്കും ഈടാക്കുന്നതല്ലെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ അറിയിച്ചു.