ഹൈവേയില്‍ വാഹന പരിശോധന, പണം പിരിവ്; 150 കിലോ തൂക്കമുള്ള ‘വ്യാജ ഇന്‍സ്പെക്ടര്‍ക്ക്’ പിടിവീണത് ഇങ്ങനെ

0
261

ദില്ലി: അനധികൃതമായി വാഹനങ്ങള്‍ തടഞ്ഞ് പിഴയെന്ന നിലയില്‍ പണം തട്ടിയ വ്യാജ പൊലീസ് ഇൻസ്‌പെക്ടര്‍ പിടിയില്‍. ഫിറോസാബാദ് പോലീസ് ഞായറാഴ്ചയാണ് ഇയാളെ പിടികൂടിയത്. ഫിറോസാബാദ്  തുണ്ടലയിലെ പോലീസ് സ്റ്റേഷനിലെ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ ആധാർ കാർഡും പോലീസ് ഇൻസ്പെക്ടർ ഐഡി കാർഡും ഉൾപ്പെടെയുള്ള വ്യാജ രേഖകള്‍ ഇയാളില്‍ നിന്നും കണ്ടെത്തിയതായി ഫിറോസാബാദ് പോലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശ് സ്വദേശിയായ മുകേഷ് യാദവാണ് ഒറിജിനൽ പൊലീസിന്റെ പിടിയിലായത്. നാഷണല്‍ ഹൈവേ രണ്ടിലെ ഉസൈനി ഗ്രാമത്തിന് സമീപം ഒക്ടോബര്‍ രണ്ട് രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഒരു വാഗണ്‍ആര്‍ കാറില്‍ പൊലീസ് സ്റ്റിക്കര്‍ ഒട്ടിച്ച് വാഹന പരിശോധന നടത്തുകയായിരുന്നു ഇയാള്‍. ഇരുപത്തിമൂന്ന് വയസുകാരനാണ് ഇയാള്‍. ഇയാളുടെ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പിടിയിലായ മുകേഷ് യാദവിന് 150 കിലോയോളം ഭാരം ഉണ്ടായിരുന്നു. വെറും 23മത്തെ വയസില്‍ പൊലീസ് ഇന്‍സ്പെക്ടറായി, ഒപ്പം അമിത വണ്ണവുമാണ് ഇയാളെ നാട്ടുകാര്‍ സംശയിക്കാന്‍ ഇടയാക്കിയത്. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ സൂചന അനുസരിച്ച് തുണ്ടല പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസ് എത്തി ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ഇയാളുടെ സ്റ്റേഷന്‍ ചോദിച്ചതോടെ ഇയാള്‍ പരുങ്ങി. പിന്നീട് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

ആദ്യസമയത്ത് റോഡ് ടോള്‍ കൊടുക്കാതിരിക്കാന്‍ വേണ്ടിയാണ് പൊലീസായി അഭിനയിച്ചത് എന്ന് ഇയാള്‍ പറയുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എപ്പോഴാണ് നിങ്ങള്‍ പൊലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍, ഞാന്‍ ടോള്‍ കൊടുക്കാതിരിക്കാന്‍ വേണ്ടി പൊലീസ് ഇന്‍സ്പെക്ടറായി അഭിനയിച്ചതാണെന്ന് ഇയാള്‍ പറയുന്ന വീഡിയോയാണ് വൈറലായത്.

കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പ്രതിക്കെതിരെ ആള്‍മാറാട്ടം അടക്കം വിവിധ ഐപിസി വകുപ്പുകള്‍ പ്രകാരം തുണ്ട്‌ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here