ഹൈദരലി തങ്ങളുടെ പേരിലെ കൂട്ടായ്മ തള്ളി ലീഗ്, പാ‍ർട്ടി അറിവോടെയല്ലെന്ന് മുനീർ; മുഈനലിക്കെതിരെ നടപടി ഉണ്ടാകില്ല

0
119

കോഴിക്കോട്: അന്തരിച്ച മുസ്ലിം ലീഗ് നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ കൂട്ടായ്മ രൂപീകരിച്ചതിനെ തള്ളിപ്പറഞ്ഞ് എം.കെ.മുനീർ. ഹൈദരലി തങ്ങളുടെ മകൻ, മുഈനലി തങ്ങൾ കൂട്ടായ്മ രൂപീകരിച്ചത് പാർട്ടിയുടെ അറിവോടയല്ലെന്ന് മുനീർ വ്യക്തമാക്കി. വിഷയത്തിൽ മറ്റു ലീഗ് നേതാക്കൾ പ്രതികരിച്ചില്ല. അതേസമയം പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ തൽക്കാലം നടപടി  വേണ്ടെന്നാണ് തീരുമാനം.

മുഈനലി തങ്ങൾ പിതാവിന്റെ പേരിലുണ്ടാക്കിയ ഫൗണ്ടേഷൻ ലീഗിൽ വലിയ തർക്ക വിഷയമായി മാറിയിരിക്കേയാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗമായ എം.കെ.മുനീർ നിലപാട് വ്യക്തമാക്കിയത്. പിതാവിന്റെ പേരിൽ ഒരു കൂട്ടായ്മ തുടങ്ങാൻ മുഈനലിക്ക് തടസ്സമില്ലെന്ന് ചൂണ്ടിക്കാട്ടിയ മുനീർ, പക്ഷേ അതിന് പാർട്ടിയിൽ നിന്ന് പുറത്തായവരെ കൂട്ടുപിടിക്കുന്നതിൽ ഉള്ള അതൃപ്തി വ്യക്തമാക്കി. മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം ഇത്തരത്തിൽ ഒരു സമിതി ഉണ്ടാക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും മുനീർ പറഞ്ഞു.

എന്നാൽ വിഷയത്തിന് അമിത പ്രാധാന്യം കൊടുക്കേണ്ടെന്നാണ് ലീഗ് നേതാക്കളുടെ തീരുമാനം. തൽക്കാലം നടപടി ഉണ്ടാക്കില്ല. മുഈനലി തങ്ങളോട് ഏറ്റുമുട്ടുന്നത് ലീഗിന് തലവേദനയാകും എന്നത് തിരിച്ചറിഞ്ഞാണ് ഈ നീക്കം. മുഈനലി തങ്ങളടക്കം 11 ലീഗ് നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഒപ്പം ലീഗ് നടപടിയെടുത്ത കെ.എസ്.ഹംസയും എംഎസ്എഫിന്റെ ഹരിത നേതാക്കളും യോഗത്തിനെത്തിയിരുന്നു. അതേസമയം ഫൗണ്ടേഷനിലൂടെ ലീഗിലെ വിമത പ്രവർത്തനം സജീവമാകുന്നത് തടയിടാനുള്ള നടപടി നേതൃത്വം സ്വീകരിക്കും. അതിനായി ഫൗണ്ടേഷനുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ലീഗ് നേതൃത്വം ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കും. ഫൗണ്ടേഷനുമായി ബന്ധപ്പെടുന്നവ‍ർക്ക് അപ്രഖ്യാപിത വിലക്കും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here