ഹെൽമറ്റ് ധരിച്ചില്ല! കാർ ഡ്രൈവർക്ക് നോട്ടീസയച്ച് ട്രാഫിക് പൊലീസ്

0
183

കൊല്ലം: കൊല്ലത്ത് കാർ ഡ്രൈവർക്ക് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ച് ട്രാഫിക് പൊലീസ്. ചടയമംഗലം കൂരിയോട് സ്വദേശി സജീവ് കുമാറിനാണ് നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ മെയ് മാസം ഹെൽമെറ്റ്‌ ധരിക്കാതെ വാഹനം ഓടിച്ചെന്നു കാട്ടിയാണ് ട്രാഫിക് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. സജീവ് കുമാറിന്റെ KL 24 M 3474 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് കാറിന്റെ പേരിലാണ് നോട്ടീസ് വന്നത്. കഴിഞ്ഞ മെയ് മാസം ഈ നമ്പറിലുള്ള വാഹനം ഓടിച്ചപ്പോൾ ഹെൽമെറ്റ്‌ വച്ചില്ലെന്ന് കാട്ടി 500 രൂപ പിഴ അടയ്ക്കണമെന്നാണ് നോട്ടീസിലെ നിർദേശം.

സജീവിന് സ്വന്തമായി ഇരുചക്രവാഹനം ഇല്ല. ബൈക്ക് ഓടിക്കാനും അറിയില്ല. കടയ്ക്കൽ കിളിമാനൂർ റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെ നിയമലംഘനം കണ്ടെത്തി എന്നാണ് നോട്ടീസിൽ പറയുന്നത്. അതേസമയം അമളി മനസിലാക്കിയ ട്രാഫിക് പൊലീസ് വിശദീകരണവുമായെത്തി. ടൈപ്പിംഗിൽ തെറ്റു പറ്റിയതാകാമെന്നും കാറിൽ സീറ്റ് ബെൽറ്റ് ഇടാത്തതിനാണ് സജീവിന് നോട്ടീസ് അയച്ചതെന്നുമാണ് ട്രാഫിക് പൊലീസിന്റെ മറുപടി.

കഴിഞ്ഞ ദിവസം ബെം​ഗളൂരുവിൽ നിയമം ലംഘിച്ച പൊലീസുകാരന് സഹപ്രവര്‍ത്തകൻ തന്നെ പിഴ ചുമത്തിയ ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശരിയായ വിധത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്‍ത ട്രാഫിക്ക് പോലീസുകാരന് സഹപ്രവര്‍ത്തകൻ തന്നെയാണ് പിഴചുമത്തിയത്.  ബെംഗളുരു ആർടി നഗറിലാണ് സംഭവം. ഹാഫ് ഹെൽമെറ്റ് ധരിച്ച് ഗിയർലെസ് സ്‌കൂട്ടർ ഓടിച്ച ട്രാഫിക് ഉദോഗസ്ഥനെ മറ്റൊരു ട്രാഫിക് പൊലീസുകാരൻ തടയുകയായിരുന്നു. ഇത്തരം തൊപ്പി ഹെല്‍മറ്റുകള്‍ ബംഗളൂരു നഗരത്തില്‍ നിരോധിച്ചിരുന്നു. നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥന് കൈയ്യോടെ പിഴ ചുമത്തുകയും ഇതിന്‍റെ  ചിത്രം പൊലീസ് പുറത്തുവിടുകയും ചെയ്‍തു.  ആർടി നഗർ പൊലീസ് തന്നെയാണ് ഈ ചിത്രം പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here