ഹിന്ദു രാഷ്ട്രത്തിനായുള്ള ശ്രമങ്ങള്‍ ശക്തമാക്കും, ജനസംഖ്യാ നിയന്ത്രണത്തിന് കേന്ദ്ര സര്‍ക്കാര്‍ നയം വേണം; മോഹന്‍ ഭാഗവത്

0
212

ന്യൂദല്‍ഹി: ഹിന്ദു രാഷ്ട്രത്തിനായുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്ന്‌ വീണ്ടും ആവര്‍ത്തിച്ച് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. സംഘപരിവാറിനെതിരെ രാജ്യത്ത് ചിലര്‍ പടുത്തുവിട്ടിരുന്ന വെറുപ്പും, ഭയവും, മറ്റ് വ്യാജപ്രചരണങ്ങളുമെല്ലാം കാലഹരണപ്പെട്ടുപോയെന്നും ഭാഗവത് പറഞ്ഞു.

വിജയദശമി ആഘോഷങ്ങളുടെ ഭാഗമായുള്ള ആര്‍.എസ്.എസ് റാലിയിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസംഗം.

രാജ്യത്ത് ചിലര്‍ സംഘപരിവാറിനെതിരെ വെറുപ്പിന്റെ രാഷ്ട്രീയം പയറ്റിയിരുന്നു. ഭയവും വ്യാജ പ്രചരണങ്ങളും അഴിച്ചുവിട്ടിരുന്നു. ഇതിന്റെയൊക്കെ കാലാവധി അവസാനിച്ചു കഴിഞ്ഞു. ഇതിന് കാരണം ലോകത്ത് തന്നെ സംഘപരിവാറിന് ലഭിച്ച സ്വീകാര്യതയാണ്. ഇത് സംഘപരിവാറിന്റെ ശക്തി വര്‍ധിപ്പിച്ചു. സത്യത്തിന് അംഗബലം വേണമെന്ന കാഴ്ചപ്പാടില്‍ ദുഖമുണ്ട്.

രാജ്യത്ത് സംഘപരിവാറിന് സ്വീകാര്യത ലഭിച്ചപ്പോള്‍ ന്യൂനപക്ഷങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് ഭയമായി. ഹിന്ദുക്കള്‍ ഒരുമിച്ചു നില്‍ക്കുന്നതാണ് അവര്‍ക്ക് ഭയം. ആരേയും ഭീഷണിപ്പെടുത്താത്ത, ഭീഷണികള്‍ക്ക് ആയുസില്ലാത്ത ഒരു ഹിന്ദു രാഷ്ട്രമാണ് സംഘപരിവാറിന്റെ സ്വപ്‌നം, ഭാഗവത് പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ മുറവിളി കൂട്ടുന്നതിനിടയിലും അതേ വിഭാഗത്തിലെ ചില വ്യക്തികള്‍ ഞങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയ്‌ക്കെതിരെയും ഭാഗവത് പ്രതികരിച്ചു.

ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്തിന് സര്‍ക്കാര്‍ നയം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസമത്വം അവഗണിക്കാനാകില്ല. ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അതിര്‍വരമ്പുകള്‍ മാറ്റുന്നു. ജനസംഖ്യാ നിയന്ത്രണത്തിന് ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യം തകരുമെന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം, മതപരമായ അടിസ്ഥാനത്തിലുള്ള ജനസംഖ്യാ സന്തുലിതാവസ്ഥയും അവഗണിക്കാനാവാത്ത ഒരു പ്രധാന കാര്യമാണ്. ജനസംഖ്യയ്ക്ക് അനുസരിച്ച് വിഭവങ്ങള്‍ ആവശ്യമാണ്. വിഭവങ്ങള്‍ ഇല്ലാതെ ജനസംഖ്യ കൂടിയാല്‍ അത് ഒരു ഭാരമാകും. ജനസംഖ്യയെ ഒരു ആസ്തിയായി കണക്കാക്കുന്ന മറ്റൊരു വീക്ഷണമുണ്ട്. ഈ രണ്ട് വശങ്ങളും മനസില്‍ വെച്ചുകൊണ്ട് എല്ലാവര്‍ക്കുമായി ജനസംഖ്യാ നയം കൊണ്ടുവരണം. സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ച് ഉറപ്പായും ചിന്തിക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.

ജനങ്ങള്‍ തെറ്റിനെതിരെ ശബ്ദം ഉയര്‍ത്തണം. എന്നാല്‍ നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്ന് കൊണ്ടേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നും ഭാ?ഗവത് പറഞ്ഞു. നിസാര കാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കരുതെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.

ക്ഷേത്രവും വെള്ളവും ശ്മശാനവും എല്ലാവര്‍ക്കും പൊതുവായിരിക്കണം. സാഹോദര്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും പക്ഷത്ത് നില്‍ക്കുന്നവരാണ് സംഘമെന്നും ഭാ?ഗവത് അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here