സി.എച്ചിനെ മുഖ്യമന്ത്രിയാക്കാന്‍ ജനതാ പാര്‍ട്ടി പിന്തുണയോടെ ഒ. രാജഗോപാല്‍ ശ്രമം നടത്തി; സി.എച്ചിന്റെ അഭിഭാഷകനായിരുന്ന അഡ്വ. വി.കെ. ബീരാന്‍

0
371

തിരുവനന്തപുരം: ജനതാ പാര്‍ട്ടിയുടെ പിന്തുണയോടെ മുസ്‌ലിം ലീഗ് നേതാവായിരുന്ന സി.എച്ച്. മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കാന്‍ ഒ. രാജഗോപാല്‍ ശ്രമം നടത്തിയെന്ന് സി.എച്ചിന്റെ അഭിഭാഷകനായിരുന്ന അഡ്വ. വി.കെ. ബീരാന്‍.

സി.എച്ച്. മുഹമ്മദ് കോയ- അറിയാത്ത കഥകള്‍ എന്ന വി.കെ. ബീരാന്‍ രചിച്ച പുസ്തകത്തിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്.

സി.പി.ഐ.എം, സി.പി.ഐ, അഖിലേന്ത്യ ലീഗ് എന്നിവയെ മാറ്റിനിര്‍ത്തി 1979ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ഒ. രാജഗോപാല്‍ ഉള്‍പ്പെടെ ജനതാ പാര്‍ട്ടിയുടെ ബദല്‍ മന്ത്രിസഭക്ക് ശ്രമം നടന്നു. ആ മന്ത്രിസഭ സി.എച്ചിന്റെ നേതൃത്വത്തില്‍ ആയിരിക്കണമെന്ന് ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടെന്നും പുസ്തകത്തില്‍ പറയുന്നു.

സി.എച്ച്. മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കാന്‍ പാലാ രൂപത ഇടപെട്ടത് സംബന്ധിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്. സി.എച്ചിനെ മാറ്റിനിര്‍ത്തുന്നത് അനീതിയാണെന്ന് വ്യക്തമാക്കി പാലാ ബിഷപ്പായിരുന്ന ഡോ. സെബാസ്റ്റ്യന്‍ വയലില്‍ തിരുവനന്തപുരം ആര്‍ച് ബിഷപ് ഡോ. ജോര്‍ജ് മാത്യുവിന് കത്ത് കൈമാറിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് പുസ്തകത്തില്‍ പറയുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് സി.എച്ച്. മുഹമ്മദ് കോയയെ മാറ്റിനിര്‍ത്തുന്നത് അനീതിയാണെന്നും മാണി അവകാശ വാദത്തില്‍നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ടാണ് പാല ബിഷപ്പ് കത്തെഴുതിയത്.

എങ്ങനെയെങ്കിലും സര്‍ക്കാര്‍ രൂപവത്കരിക്കുകയെന്നതായിരുന്നു പ്രധാന അജണ്ട. 1979ലും സി.എച്ചിന് മുഖ്യമന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടാല്‍ അത് അനീതിയാകുമെന്ന് ക്രിസ്ത്യന്‍ വിഭാഗം അഭിപ്രായപ്പെട്ടു. തീരുമാനം എടുക്കേണ്ട നിര്‍ണായക ദിവസത്തിന്റെ തലേന്നാള്‍ പ്രമുഖ അഭിഭാഷകനായിരുന്ന ഡോ. ജോര്‍ജ് മാത്യു കളപ്പുരക്കലുമായി സംസാരിച്ചു വി.കെ. ബീരാന്‍ പുസ്തകത്തില്‍ പറയുന്നു.

അഡ്വ. വി.കെ. ബീരാന്‍ രചിച്ച സി.എച്ച്. മുഹമ്മദ് കോയ- അറിയാത്ത കഥകള്‍ കഴിഞ്ഞ ദിവസമാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here