ഹൊബാര്‍ട്ട്: ടി20 ലോകകപ്പില്‍ സിംബാബ്വെ- ദക്ഷിണാഫ്രിക്ക മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. മഴയെ തുടര്‍ന്ന് മത്സരം ഒമ്പത് ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്വെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സ് നേടി. മറുപടിയായി ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നതിനിടെ വീണ്ടും മഴയെത്തി. ഇതോടെ വിജയലക്ഷ്യം ഏഴ് ഓവറില്‍ 64 ആയി ചുരുക്കി. മൂന്ന് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സായിരിക്കെയാണ് മഴയെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ നാല് ഓവറില്‍ 13 റണ്‍സ് മതിയായിരുന്നു അപ്പോള്‍.
ഇതിനിടെ സിംബാബ്‌വെയ്ക്ക് അഞ്ച് റണ്‍സ് പെനാല്‍റ്റിയിലൂടെ ലഭിച്ചത് ചര്‍ച്ചയായി. ഒമ്പതാം ഓവറിലാണ് സംഭവം. മൂന്നാമത്തെ പന്ത് എഡ്ജായി. ഫൈന്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ലുംഗി എന്‍ഗിഡി പന്ത് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് എറിഞ്ഞുകൊടുത്തു. ഇതിനിടെ സിംബാബ്‌വെ താരങ്ങള്‍ സിംഗിളെടുത്തിരുന്നു. ത്രോ പിടിക്കാന്‍ ഡി കോക്ക് തന്റെ ഒരുകയ്യിലെ ഗ്ലൗ ഊരി. എന്നാല്‍ ഊരിയിട്ട ഗ്ലൗവില്‍ പന്ത് കൊണ്ടതോടെയാണ് അഞ്ച് റണ്‍സ് പെനാല്‍റ്റി സിംബാബ്‌വെക്ക് ലഭിച്ചത്. വീഡിയോ കാണാം…
അംപയുടെ തീരുമാനത്തില്‍ ഡി കോക്കും ബൗളര്‍ ആന്റിച്ച് നോര്‍ജെയും അമ്പരന്നു. ഇരുവരും എന്തെന്നറിയാതെ മുഖത്തോട് മുഖം നോക്കിയിരുന്നു. പന്ത് ഫീല്‍ഡിങ് ടീമിന്റെ ഗ്രൗണ്ടില്‍ വെച്ചിരിക്കുന്ന ഹെല്‍മറ്റിലോ മറ്റ് വസ്തുക്കളിലോ തട്ടിയാല്‍ അത് ഡെഡ് ബോള്‍ ആവും. ഒപ്പം ബാറ്റിങ് സൈഡിന് 5 റണ്‍സ് പെനാല്‍റ്റിയായും ലഭിക്കും.
ഒരോവര്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ ജയിക്കാമായിരുന്നു എന്ന അവസ്ഥയിലാണ് മഴയെത്തിയിരുന്നത്. എന്നാല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 18 പന്തില്‍ 47 റണ്‍സുമായി പുറത്താവാതെ നിന്ന ഡി കോക്ക് തന്നെയാണ് ടീമിനെ വിജയത്തിനടുത്തെത്തിയത്. തെംബ ബവൂമ (2) ഡി കോക്കിനൊപ്പം പുറത്താവാതെ നിന്നു. ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്സ്. തെന്‍ഡെ ചടാരയെറിഞ്ഞ ആദ്യ ഓവറില്‍ 23 റണ്‍സ് പിറന്നിരുന്നു. റിച്ചാര്‍ഡ് ഗവാരയുടെ രണ്ടാം ഓവറില്‍ 17 റണ്‍സും അടിച്ചെടുത്തു. സിക്കന്ദര്‍ റാസയെറിഞ്ഞ മൂന്നാം ഓവറില്‍ 11 റണ്‍സും നേടിയിരുന്നു.