മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് കഴിഞ്ഞ ദിവസം ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും രണ്ട് മണിക്കൂറോളം നേരം പ്രവര്‍ത്തനരഹിതമായി. ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് തകരാര്‍ നേരിട്ട് തുടങ്ങിയത്. പിന്നീട് പ്രവര്‍ത്തനം സാധാരണ നിലയിലാവുകയും ചെയ്തു.
ഇപ്പോള്‍ സംഭവത്തില്‍ ഇടപെട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രണ്ട് മണിക്കൂര്‍ നേരം വാട്‌സാപ്പ് പ്രവര്‍ത്തന രഹിതമായത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കേന്ദ്ര ഐടി മന്ത്രാലയം മെറ്റയോട് വിശദീകരണം ആവശ്യപ്പെട്ടു.
വാട്‌സാപ്പിന് നേരെ സൈബര്‍ ആക്രമണം നടന്നോ എന്ന ആശങ്കയെ തുടര്‍ന്നാണ് മന്ത്രാലയം വിശദീകരണം തേടിയിരിക്കുന്നത്.
അതേസമയം തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതിക പിഴവാണ് വാട്‌സാപ്പ് നിശ്ചലമാകുന്നതിന് ഇടയാക്കിയത് എന്നാണ് മെറ്റ വക്താവ് റ്റുഡേ ടെക്കിന് നല്‍കിയ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ഇത് വിശദീകരിക്കാന്‍ കമ്പനി തയ്യാറായില്ല.