തിരുവനന്തപുരം ∙ സംസ്ഥാനത്തെ 250 സ്കൂളുകൾ ലഹരിസംഘങ്ങൾ നോട്ടമിട്ടിരിക്കുന്ന പ്രശ്നബാധിത സ്കൂളുകളെന്ന് എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, ഈ സ്കൂളുകളിൽ ആഴ്ചയിൽ ഒരിക്കൽ മിന്നൽ പരിശോധന നിർബന്ധമാക്കാൻ എക്സൈസ് കമ്മിഷണർ നിർദേശം നൽകി. പരിശോധന നടത്തുന്ന കാര്യം സ്കൂൾ അധികൃതരെ അറിയിക്കാമെങ്കിലും ദിവസവും സമയവും രഹസ്യമാക്കി വയ്ക്കണമെന്നും നിർദേശിച്ചു.
ലഹരി ഉപയോഗത്തിന്റെയും ലഹരി സംഘങ്ങളുമായുള്ള സമ്പർക്കത്തിന്റെയും അടിസ്ഥാനത്തിലാണു പ്രശ്നസാധ്യതാ സ്കൂളുകളുടെ പട്ടിക തയാറാക്കിയത്. ഈ സ്കൂളുകളുടെ പരിസരങ്ങളിലും വിദ്യാർഥികൾ വീട്ടിലേക്കു പോകുന്ന വഴികളിലും ഇത്തരം സംഘങ്ങളുടെ സാന്നിധ്യമുണ്ടെന്നാണു റിപ്പോർട്ട്. ഇവിടെ എക്സൈസിന്റെ ബൈക്ക് പട്രോളിങ് ടീമിനെ രംഗത്തിറക്കും. സ്കൂൾ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപും സ്കൂൾ വിടും മുൻപും റോഡുകളിൽ പരിശോധന നടത്തും.
സ്കൂളുകളിൽ നിരീക്ഷണമുണ്ടാകുമെന്നതിനാൽ പുറത്ത് വിദ്യാർഥികളുടെ ശ്രദ്ധയാകർഷിക്കാനുള്ള ശ്രമം ലഹരി സംഘം നടത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു. ബസ് കാത്തിരിപ്പുകേന്ദ്രം, ഇന്റർനെറ്റ് കഫേ, ജൂസ് പാർലർ തുടങ്ങി സ്കൂൾ വിട്ടു വിദ്യാർഥികൾ കൂട്ടത്തോടെ എത്താനിടയുള്ള സ്ഥലങ്ങളിലും പട്രോളിങ് വേണമെന്നു നിർദേശിച്ചിട്ടുണ്ട്.
പ്രശ്നസാധ്യതാ സ്കൂളുകളുടെ ജില്ല തിരിച്ചുള്ള എണ്ണം:
∙ തിരുവനന്തപുരം: 25
∙ കൊല്ലം: 39
∙ പത്തനംതിട്ട: 22
∙ ആലപ്പുഴ: 22
∙ കോട്ടയം: 14
∙ ഇടുക്കി: 18
∙ എറണാകുളം: 13
∙ തൃശൂർ: 28
∙ പാലക്കാട്: 14
∙ മലപ്പുറം: 15
∙ കോഴിക്കോട്: 12
∙ വയനാട്: 11
∙ കണ്ണൂർ: 10
∙ കാസർകോട്: 7