രഹ്ന ഫാത്തിമക്കെതിരായ മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

0
174

കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ സ്റ്റേ ആവശ്യം തള്ളിയത്. കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്.

സമൂഹ മാധ്യമങ്ങളിൽ “ഗോമാതാ ഉലർത്ത്” എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്തതിനാണ് രഹന ഫാത്തിമക്കെതിരെ കേസെടുത്തത്. യൂട്യൂബ് ചാനല്‍ വഴി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകൻ രജീഷ് രാമചന്ദ്രന്‍ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടർന്ന് ശബരിമല ദർശനത്തിനെത്തി രഹ്ന വിവാദത്തിലായിരുന്നു. പിന്നാലെ സ്ഥാപനത്തിന്റെ സല്‍പ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എന്‍എല്‍ രഹനയെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

നഗ്‍നശരീരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ചിത്രം വരിപ്പിച്ച് സമൂഹ മധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലും രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തിരുന്നു. ഈ സംഭത്തില്‍ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തിയാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തിരുന്നത്. ‘ബോഡി ആൻഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടോടെ രഹ്നാ ഫാത്തിമ തന്നെയാണ് സ്വന്തം മക്കൾ തന്‍റെ ശരീരത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍, ജുവനൈൽ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍, ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തിൽ ചിത്രം വരപ്പിച്ചത് എന്നായിരുന്നു രഹ്ന ഫാത്തിമയുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here