മൊബൈൽ ഫോണുകൾക്കെല്ലാം ഒറ്റ ചാർജർ: വെട്ടിലായി ആപ്പിൾ, യൂറോപ്പ് നിയമം പാസാക്കി

0
187

ലണ്ടൻ: ഏത് കമ്പനിയുടെ മൊബൈൽ ഫോൺ ആണെങ്കിലും അവയ്‌ക്കെല്ലാം ഒരേ ചാർജർ. സുപ്രധാന നിയമവുമായി യൂറോപ്യൻ പാർലമെന്റ്. ഇതോടെ യൂറോപ്യൻ യൂണിയനിൽ അംഗമായ എല്ലാ രാജ്യങ്ങളിലും ഫോണുകൾക്കെല്ലാം ഒരേ ചാർജറായിരിക്കും. ഫോണുകൾക്ക് പുറമെ ടാബ് ലറ്റുകൾക്കും ക്യാമറകൾക്കും ഒരേ ചാർജറായിരിക്കും.

വമ്പന്‍ ഭൂരിപക്ഷത്തിലാണ് നിയമം പാസാക്കിയത്. 602 എംപിമാർ നിയമത്തെ അനുകൂലിച്ചപ്പോൾ എതിര്‍ത്തത് 13 പേർ. എട്ട് പേർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ലോകത്ത് ആദ്യമായാണ് ഇങ്ങനെയൊരു നിയമം പാസാക്കുന്നത്. അടുത്ത വർഷം ആദ്യത്തോടെ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ യുഎസ്ബി-സി ടൈപ്പ് ചാർജറാകും എല്ലാ മോഡലുകൾക്കും. നിലവില്‍ ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്കാണ് യുഎസ്ബി സി ടൈപ്പ് ചാർജർ ഉപയോഗിക്കുന്നത്. ഇതു സംബന്ധിച്ച് യൂറോപ്യൻ യൂണിയനിൽ നേരത്തെ ധാരണയായിരുന്നു.

യൂറ്യോപ്യൻ യൂണിയന്റെ പുതിയ നീക്കം ആപ്പിൾ കമ്പനിക്കാണ് തിരിച്ചടിയായത്. ഇതോടെ ചാർജർ മാറ്റാൻ ഐഫോൺ നിർബന്ധിതരാകും. യൂറോപ്യൻ യൂണിയനിൽ ഒരേ ചാർജർ എന്ന ആശയം വന്നപ്പോൾ തന്നെ ആപ്പിൾ എതിർത്തിരുന്നു. പിന്നീട് എതിർപ്പിൽ നിന്നും കമ്പനി പിന്നാക്കം പോയി. ഐഫോണിന്റെ അടുത്ത പതിപ്പുകളിൽ യുഎസ്ബി സി ടൈപ്പ് ചാർജർ പരീക്ഷിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇ- മാലിന്യങ്ങൾ കുറക്കുന്നതിന്റെ ഭാഗമായാണ് യൂറോപ്യൻ യൂണിയൻ പുതിയ നിയമത്തിന് രൂപം നൽകിയിരിക്കുന്നത്.

പരിസ്ഥിതിക്ക് ഗുണമാകുന്നതാണ് പുതിയ നീക്കം. അതേസമയം ഒറ്റ ചാർജർ എന്ന ആശയത്തിലൂടെ ഉപഭോക്താക്കൾക്ക് ഏകദേശം 250 മില്യൺ യൂറോ ലാഭിക്കാനാകുമെന്നാണ് റിപ്പോർട്ടുകൾ. 2018ൽ മൊബൈൽ ഫോണുകൾക്കൊപ്പം വിറ്റ ചാർജറുകളിൽ പകുതിയും യുഎസ്ബി-ബി കണക്ടറും 29 ശതമാനം യുഎസ്ബി-സി കണക്ടറും 21 ശതമാനം ലൈറ്റ്‌നിങ് കേബിളും(ഐഫോണിന് ഉപയോഗിക്കുന്നത്) ആണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here