മൂസെവാല കൊലപാതക കേസ് പ്രതിയായ ഗ്യാങ്സ്റ്റര്‍ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

0
163

ദില്ലി : പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതക കേസിൽ പ്രതിയായ ഗ്യാങ്സ്റ്റര്‍ ടിനു എന്ന ദീപക് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. കപുര്‍ത്തല ജയിലിൽ നിന്ന് മാൻസയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. ഗ്യാങ്സ്റ്റര്‍  ലോറൻസ് ബിഷണോയിയുടെ അടുത്തയാളാണ് ദീപക്. ലോറൻസ് ബിഷണോയിയാണ് സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന്റെ പ്രധാന സൂത്രധാരൻ. ശനിയാഴ്ചത്തെ സംഭവം അടക്കം ഇത് നാലാം തവണയാണ് ദീപക് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നത്.

2017 ൽ അംബാല ജയിലിൽ കഴിയവെ, പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണിൽ പെപ്പെര്‍ സ്പ്രേ അടിച്ച് ദീപക് രക്ഷപ്പെട്ടിരുന്നു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ഈ രക്ഷപ്പെടൽ. ആളുകളെ കൊലപാതകത്തിന്റെ വീഡിയോകൾ കാണിച്ച് ഭയപ്പെടുത്തുന്ന സ്വഭാവവുമുള്ളയാളാണ് ദീപക്.

കഴിഞ്ഞ മെയ് 29 നാണ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസെവാല  വെടിയേറ്റ് മരിച്ചത്. സുരക്ഷ എഎപി സർക്കാർ പിൻവലിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂസെ വാലയോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിരുന്നു. മൂസെവാലയെ കൊലപ്പെടുത്തിയത് ആറു പേർ ചേർന്നാണെന്നും ഉപയോഗിച്ചത് എകെ 47 ആണെന്നും ദില്ലി പൊലീസ് കണ്ടെത്തിയിരുന്നു.

കൊലപാതകത്തിന് പിന്നാലെ പഞ്ചാബ് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. എഎപി സർക്കാർ  മനപൂർവ്വം സുരക്ഷ പിൻവലിച്ച് ആക്രമണം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നുവെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഇരുപത്തിയെട്ടുകാരനായ മൂസെവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here