മലദ്വാരത്തിൽ കടത്തിയ സ്വർണം പിടിക്കാൻ പൊന്നാനി സംഘത്തിന്റെ സിനിമാസ്റ്റൈൽ ചെയ്സിംഗ്, പൊലീസ് സ്റ്റേഷനുമുന്നിൽ വാഹനം തടയൽ, ഒടുവിൽ കസ്റ്റംസുകാർക്ക് തല്ലും, എല്ലാം നടന്നത് തലസ്ഥാനത്ത്

0
288

വെഞ്ഞാറമൂട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച മൂന്നുപേരെ കസ്റ്റംസ് കസ്ഡറ്റിയിലെടുത്തു. നെല്ലനാട് കുറ്ററ സ്വദേശികളായ ഹുസൈൻ, ഷിയാസ് എന്നിവർ കസ്റ്റംസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിലും നെല്ലനാട് കാടിക്കുഴി റോഡിൽ പുളിയറ വിളാകത്ത് വീട്ടിൽ അസീം സ്വർണക്കടത്തുമായി ബന്ധപ്പെട്ടുമാണ് കസ്റ്റഡിയിലുള്ളത്. തിരുവനന്തപുരം കസ്റ്റംസ് സൂപ്രണ്ട് പി. കൃഷ്ണകുമാർ, ഡ്രൈവർ അരുൺ കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്.

സംഭവത്തെക്കുറിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്: അസീം ദുബായിൽ നിന്ന് ഇന്നലെ രാവിലെയാണ് തിരുവനന്തപുരം എയർപോർട്ടിലെത്തിയത്. ഇയാൾ മലദ്വാരത്തിൽ കടത്തിക്കൊണ്ടുവന്ന സ്വർണം വാങ്ങാനായി പൊന്നാനിയിൽ നിന്നുള്ള സംഘമെത്തിയിരുന്നു. ഇവരെ വെട്ടിച്ച് അസീം വീട്ടിലേക്ക് മടങ്ങുന്നതിനിടെ സംഘം പിന്തുടർന്ന് വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനു സമീപം വച്ച് വാഹനം തടഞ്ഞു. ഇതോടെ അസീം സ്റ്റേഷൻ വളപ്പിലേക്ക് കയറുകയായിരുന്നു.

തുടർന്ന് പൊന്നാനി സംഘം മടങ്ങുകയും സ്വർണം അസീം കടത്തിക്കൊണ്ടുവന്നതായി കസ്റ്റംസിനെ വിളിച്ചറിക്കുകയും ചെയ്‌തു. തുടർന്ന് സ്ഥലത്തെത്തിയ കസ്റ്റംസ് ടീം അസീമിന്റെ കുറ്ററയിലുള്ള വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെ അസീമിന്റെ സുഹൃത്തുക്കൾ കൃഷ്ണകുമാറിനെയും അരുണിനെയും മർദ്ദിക്കുകയായിരുന്നു. വീട്ടിലെ പരിശോധന അറിയാതെ പുറത്തുപോയി മടങ്ങിവന്ന അസീമിനെ വഴിയിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്.

മർദ്ദനത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയും കസ്റ്റംസ് ഉദ്യോഗസ്ഥർ അസീമിന്റെ വീട്ടിൽ പരിശോധന നടത്തി. അസിസ്റ്റന്റ് കമ്മിഷണർ മുരളി, കസ്റ്റംസ് ഹെഡ് സൂപ്രണ്ട് ടി.എസ്. ദിനേഷ് കുമാർ, സൂപ്രണ്ടുമാരായ ദിനേശ് കുമാർ, ടി.ആർ. കൃഷ്ണകുമാർ, പി. കൃഷ്ണകുമാർ, എസ്. ബാബു, എസ്.കെ. ശ്രീകല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here