അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ചട്ടങ്ങള്‍ പാലിക്കാതെയെത്തുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും എല്ലാ വാഹനങ്ങള്‍ക്കും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇടക്കാല ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. ചട്ടങ്ങള്‍ ലംഘിച്ച 569 വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. കുറ്റക്കാരെന്നു തെളിഞ്ഞ ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ച് സംസ്ഥാനതലത്തില്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എസ്.ആര്‍.ടി.സി. ബസുകളിലെ പരസ്യം സംബന്ധിച്ച മാനദണ്ഡങ്ങളെക്കുറിച്ച് സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വാഹനങ്ങളുപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയതിന്റെ വീഡിയോദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുനല്‍കാനും അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കി.
നിയമലംഘനങ്ങള്‍ക്കെതിരേ സ്ഥാപനമേധാവിയും നടപടിയെടുക്കണം. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ പിടികൂടി മോട്ടോര്‍വാഹനവകുപ്പും പോലീസും കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.