മഞ്ചേശ്വരം കോഴക്കേസ്; കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ അടുത്തമാസം കുറ്റപത്രം സമര്‍പ്പിക്കും

0
188

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപ്രതികള്‍ക്കെതിരെ അടുത്ത മാസം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ. സതീഷ്‌കുമാര്‍ പറഞ്ഞു. നവംബര്‍ ആദ്യവാരത്തോടെ കാസര്‍കോട് സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. കെ. സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്, ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ബാലകൃഷ്ണഷെട്ടി, നേതാക്കളായ സുരേഷ് നായക്, കെ. മണികണ്ഠറൈ, ലോകേഷ് നോഡ തുടങ്ങിയവരും കേസില്‍ പ്രതികളാണ്. മഞ്ചേശ്വരം കോഴക്കേസില്‍ കുറ്റപത്രം വൈകുന്നതിന്റെ പേരില്‍ ക്രൈംബ്രാഞ്ചിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിക്കാതിരുന്നതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കാലതാമസം നേരിടുന്നത്. അനുമതി ലഭിച്ച സാഹചര്യത്തില്‍ വിശദമായ പരിശോധനക്കും നടപടിക്രമങ്ങള്‍ക്കും ശേഷം കുറ്റപത്രം സമര്‍പ്പിക്കും. കേസിലെ പ്രതികളിലൊരാളായ കെ. ബാലകൃഷ്ണ ഷെട്ടി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.

സുരേന്ദ്രനെതിരെ പട്ടികജാതി/പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചേര്‍ത്ത് ഈ കേസില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. ജാമ്യമില്ലാ വകുപ്പാണിത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും കേസില്‍ നേരത്തെ ചുമത്തിയിരുന്നു. മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്‍കിയ കെ. സുന്ദരയെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കുകയും ചെയ്തുവെന്നാണ് കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരായ കേസ്. മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശന്‍ നല്‍കിയ പരാതിയില്‍ ലോക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here