ഭൂമിക്ക് നികുതി അടയ്ക്കാന്‍ 2500 രൂപ കൈക്കൂലി; കാസർകോട് മൂളിയാറില്‍ വില്ലേജ് അസിസ്റ്റന്‍റ് അറസ്റ്റില്‍

0
278

കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് മുളിയാർ വില്ലേജ് അസിസ്റ്റന്റ് ടി രാഘവൻ അറസ്റ്റിൽ. വില്ലേജ് ഓഫീസ് സേവനങ്ങൾക്ക് കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് വിജിലൻസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുളിയാർ വില്ലേജ് അസിസ്റ്റന്റും ചട്ടഞ്ചാൽ സ്വദേശിയുമായ ടി രാഘവനെ വിജിലൻസ് പിടികൂടിയത്.

ഭൂമിയ്ക്ക് നികുതിയടക്കാനാണ് ബോവിക്കാനം സ്വദേശി അഷറഫിന്റെ പക്കല്‍ നിന്ന് രാഘവൻ കൈക്കൂലി ആവശ്യപ്പെട്ടത്. രാഘവന്റെ കൈയ്യിൽ നിന്നും അഞ്ഞൂറിന്റെ നോട്ടുകൾ വിജിലൻസ് അധികൃതർ കണ്ടെത്തി. മുളിയാർ വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച് നിരവധി ആക്ഷേപങ്ങൾ നേരത്തെ ഉയർന്നിരുന്നു. വില്ലേജ് ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർക്കും കൈക്കൂലിയിൽ പങ്കുണ്ടോ എന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

വടക്കാഞ്ചേരിയിൽ മരംമുറി പാസ് അനുവദിക്കാൻ പതിനായിരം കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്കിനെ കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് പിടികൂടിയത്. സ്‌പെഷ്യൽ വില്ലേജ് ഓഫീസറുടെ അധിക ചുമതല കൂടി ഉണ്ടായിരുന്ന സീനിയര്‍ ക്ലര്‍ക്ക് വേലൂർ  സ്വദേശി  ചന്ദ്രനാണ് അറസ്റ്റിലായത്. കാഞ്ഞിരക്കോട് സ്വദേശിയായ  മരക്കച്ചവടക്കാരൻ ഷറഫുദ്ദീനിൽ  നിന്നാണ് ഇയാൾ മരം മുറിക്കാൻ പാസ്  അനുവദിക്കുന്നതിന് പതിനായിരം രൂപ കൈക്കൂലിയായി വാങ്ങിയത്. ചിറ്റണ്ട  സ്വദേശിയുടെ വീട്ട് പറമ്പിൽ നിന്നിരുന്ന തേക്ക് മരങ്ങൾ ഷറഫുദ്ദീൻ വാങ്ങിയിരുന്നു. ഇത് മുറിച്ചെടുക്കാൻ കട്ടിംഗ് പാസ് ലഭിക്കുന്നതിനുള്ള അപേക്ഷ നൽകിയപ്പോൾ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

പണം നൽകാത്തതിനാൽ പാസ് അനുവദിക്കാതെ ഷറഫുദ്ദീൻ പലതവണ വില്ലേജ് ഓഫീസിൽ കയറി ഇറങ്ങേണ്ടി വന്നു. പിന്നീട്  രണ്ടായിരം രൂപ കൈക്കൂലി നൽകിയെങ്കിലും സ്ഥലം പരിശോധിച്ച്  മരങ്ങൾ കൂടുതലുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ കൂടുതല്‍ പണം വേണമെന്ന് ചന്ദ്രൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഷറഫുദ്ദീൻ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here