ബം​ഗ്ലാദേശ് വിജയം വൈകിപ്പിച്ച അപൂർവ നോബോൾ, അറിയാം ക്രിക്കറ്റിലെ അറിയപ്പെടാത്ത നിയമം

0
198

ട്വന്റി20 ലോകകപ്പിൽ ആവേശകരമായ ബം​ഗ്ലാദേശ്-സിംബാബ്വെ ഏറ്റുമുട്ടലിൽ അവസാന ബോളിലെ നോബോൾ ചർച്ചകൾക്ക് തുടക്കമിട്ടു. അവസാന പന്തിൽ അഞ്ച് റൺ ജയിക്കാൻ വേണ്ട സമയത്താണ് സിംബാബ്വെ ബാറ്റ്സ്മാൻ ബ്ലെസിങ് മുസറബാനി പുറത്തായത്. ടസ്കിൻ അഹമ്മദായിരുന്നു ബൗളർ. അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിടത്ത് ഒരു ബൈഫോറും  സിക്സും പറത്തി എൻ​ഗരാവ വിജയപ്രതീക്ഷ നൽകി. തൊട്ടടുത്ത പന്തിൽ എൻ​ഗരാവ പുറത്തായി. മുസറബാനിയാണ് ക്രീസിലെത്തിയത്. അവസാന പന്തിൽ ജയിക്കാൻ വേണ്ടത് അഞ്ച് റൺസ്. ടസ്കിൻ എറിഞ്ഞ അവസാന പന്തിൽ മുസറബാനി ക്രീസിൽ നിന്ന് പുറത്തിറങ്ങി സിക്സിന് ശ്രമിച്ചെങ്കിലും പാളി. വിക്കറ്റിന് പിന്നിൽ നൂറുൽ ഹസന്റെ മിന്നൽ സ്റ്റമ്പിങ്. സിംബാബ്വെ നാല് റൺസിന് തോറ്റെന്ന് ധാരണയിൽ ​ഗ്യാലറിയിൽ നിന്ന് ആളൊഴിഞ്ഞു തുടങ്ങി. കളിക്കാരും കൈകൊടുത്ത് പിരിഞ്ഞു. എന്നാൽ പിന്നീടാണ് ട്വിറ്റ് സംഭവിക്കുന്നത്.

നൂറുൽ ഹസന്റെ സ്റ്റമ്പിങ് അമ്പയർമാർ പരിശോധിക്കുന്നു. പന്ത് വിക്കറ്റ് കടക്കും മുമ്പേ ഹസൻ കൈപ്പിടിയിലൊതുക്കി സ്റ്റമ്പ് ചെയ്തെന്നായിരുന്നു സംശയം. ബം​ഗ്ലാദേശ് താരങ്ങളുടെയും ആരാധകരുടെയും ചങ്കിടിച്ച നിമിഷങ്ങൾ. ടി വി പരിശോധനയിൽ ഹസന്റെ ​ഗ്ലൗസ് വിക്കറ്റിന് മുന്നിലേക്ക് കുറച്ച് നീങ്ങിയത്  വ്യക്തമായി.   ക്രിസ് ഗഫാനി ആയിരുന്നു ടിവി അമ്പയർ. തുടർന്ന് അമ്പയർ നോബോൾ വിളിച്ചു. ജയിക്കാൻ ഒരു പന്തിൽ നാല് റൺസും ഫ്രീഹിറ്റും. മൂന്ന് റൺസ് കിട്ടിയാൽ ടൈ. എന്നാൽ ടസ്കിൻ എറിഞ്ഞ പന്ത് സിംബാബ്വെ താരത്തെ കബളിപ്പിച്ചു.

നോബോൾ വിളിക്കാൻ കാരണമായ ഐസിസി നിയമങ്ങൾ

റൂൾ 39.1.1 പ്രകാരം ബാറ്ററെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുമ്പോൾ വിക്കറ്റ് കീപ്പറുടെ സ്ഥാനം എവിടെയായിരിക്കണമെന്ന് ഈ നിയമത്തിൽ വ്യക്തമാക്കുന്നു.  അതോടൊപ്പം റൂൾ 27.3.1 ൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ബൗളർ ബൗൾ ചെയ്ത പന്ത് സ്‌ട്രൈക്കറുടെ ബാറ്റിലോ ശരീരത്തിലോ സ്പർശിക്കുന്നതുവരെയോ വിക്കറ്റ് കടക്കുകയോ സ്ട്രൈക്കർ റൺ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിക്കുകയോ ചെയ്യുന്നതുവരെ വിക്കറ്റ് കീപ്പർ പൂർണ്ണമായും വിക്കറ്റിന് പിന്നിൽ തുടരണമെന്നാണ് ഈ നിയമത്തിൽ പറയുന്നത്. അതുകൊണ്ട് തന്നെ സ്ട്രൈക്കറെ പൂർണമായി മറി കടക്കുന്നതിന് മുമ്പ് വിക്കറ്റ് കീപ്പർ പന്തിൽ തൊട്ടാൽ അമ്പയർക്ക് നോബോൾ വിളിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here