പൈവളിഗെ മരിക്കയില്‍ ദുര്‍മന്ത്രവാദം: കോഴികളെ കഴുത്ത് ഞെരിച്ച് കൊന്ന് സ്ത്രീകളെ കൊണ്ട് രക്തം കുടിപ്പിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

0
305

പൈവളിഗെ: പൈവളിഗെയില്‍ ദുര്‍മന്ത്രവാദം. കോഴികളെ കൊന്ന് മന്ത്രവാദി സ്ത്രീകളെ കൊണ്ട് രക്തം കുടിപ്പിച്ചതായാണ് വിവരം. പൊലീസിനെ കണ്ടതോടെ മന്ത്രവാദി വീടിന്റെ മതില്‍ ചാടി രക്ഷപ്പെട്ടു. ഇന്നലെ പൈവളിഗെ മരിക്കയിലാണ് സംഭവം. ഒരാഴ്ച്ച മുമ്പ് പൈവളിഗെ കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് നിന്ന് രണ്ട് സ്ത്രീകള്‍ വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് മന്ത്രവാദിയുടെ വീട്ടില്‍ എത്തിയിരുന്നു.

പ്രശ്‌നം ഗുരുതരമാണെന്നും പരിഹാരം കണ്ടില്ലെങ്കില്‍ പല ദുരിതങ്ങളും നടക്കുമെന്നും മരിക്കയിലെ മന്ത്രവാദി ഈ സ്ത്രീകളോട് പറഞ്ഞുവത്രെ. വീട്ടിലെ പ്രശ്‌നങ്ങള്‍ നീങ്ങണമെങ്കില്‍ പോംവഴി മന്ത്രവാദം മാത്രമാണെന്നും ഇയാള്‍ സ്ത്രീകളോട് പറഞ്ഞു. വെള്ളിയാഴ്ച്ച രാത്രി മന്ത്രവാദത്തിനുള്ള രണ്ട് കോഴികളുമായി വീട്ടില്‍ എത്തണമെന്നാണ് നിര്‍ദ്ദേശിച്ചത്. ഇതേ തുടര്‍ന്ന് കോഴിയുമായി സ്ത്രീകള്‍ മന്ത്രവാദിയുടെ വീട്ടില്‍ എത്തി. ഇവരുടെ മുന്നില്‍ വെച്ച് തന്നെ കോഴികളുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയും തുടര്‍ന്ന് കോഴികളില്‍ നിന്ന് തറയില്‍ ഉറ്റിയ രക്തം കുടിക്കാന്‍ സ്ത്രീകളോട് കല്‍പ്പിക്കുകയുമായിരുന്നു.

ശനിയാഴ്ച്ച രാവിലെ സ്ത്രീകളില്‍ ഒരാള്‍ക്ക് ഛര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കാര്യം തിരക്കിയപ്പോഴാണ് മന്ത്രവാദ സംഭവം പുറത്തറിയുന്നത്. മരിക്കയിലെ ഒറ്റപ്പെട്ട സ്ഥലത്ത് മന്ത്രവാദിയും അമ്മയും മാത്രമാണ് താമസിക്കുന്നത്. ചില ദിവസങ്ങളില്‍ അര്‍ധ രാത്രിയില്‍ വീട്ടില്‍ നിന്ന് ആളുകളുടെ നിലവിളികള്‍ കേള്‍ക്കാമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് സ്ത്രീകള്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെ രാത്രി പൊലീസ് വീട്ടിലെത്തിയപ്പോള്‍ മന്ത്രവാദി മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here