പെര്‍ത്തില്‍ വന്‍ അട്ടിമറി! സിംബാബ്‌വെക്കെതിരെ പാകിസ്ഥാന് തോല്‍വി; സെമി സാധ്യതകള്‍ തുലാസില്‍

0
284

പെര്‍ത്ത്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ച് സിംബാബ്‌വെ. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു സിംബാബ്‌വെയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്ഥാന്റെ സെമി ഫൈനല്‍ സാധ്യതകള്‍ തുലാസിലായി. 

ചെറിയ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ ബാബര്‍ അസം (4), മുഹമ്മദ് റിസ്‌വാന്‍ (14) എന്നിവരെ പാകിസ്ഥാന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ഷാന്‍ മസൂദ് (44) മാത്രമാണ് പിടിച്ചുനിന്നത്. മുഹമ്മദ് നവാസ് (22) പരമാവധി ശ്രമിച്ചെങ്കിലും അവസാന ഓവറില്‍ വീണതോടെ കാര്യങ്ങള്‍ സിംബാബ്‌വെയ്ക്ക് അനുകൂലമായി.

ഇഫ്തികര്‍ അഹമ്മദ് (5), ഷദാബ് ഖാന്‍ (17), ഹൈദര്‍ അലി (0), ഷഹീന്‍ അഫ്രീദി (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്ദര്‍ റാസയാണ് പാകിസ്ഥാനെ തകര്‍ത്തത്. ബ്രാഡ് ഇവാന്‍സിന് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, സിംബാബ്‌വെയെ മുഹമ്മദ് വസിം, ഷദാബ് ഖാന്‍ എന്നിവരാണ് എറിഞ്ഞൊതുക്കിയത്. വസിം നാലും ഷദാബ് മൂന്നും വിക്കറ്റ് നേടി. 31 റണ്‍സ് നേടിയ സീന്‍ വില്യംസാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.

മികച്ച തുടക്കമാണ് സിംബാബ്‌വെയ്ക്ക് ലഭിച്ചിരുന്നത്. അഞ്ച് ഓവറില്‍ 42 റണ്‍സ് നേടാന്‍ സിംബാബ്‌വെ ഓപ്പണര്‍മാര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ക്രെയ്ഗ് ഇര്‍വിനെ (19) പുറത്താക്കി മുഹമ്മദ് വസിം പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. സ്‌കോര്‍ 43 ആവുമ്പോള്‍ വെസ്ലി മധെവേരെയും (17) പവലിയനില്‍ തിരിച്ചെത്തി. പിന്നീടെത്തിയവരില്‍ വില്യംസ് ഒഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.

മില്‍ട്ടണ്‍ ഷുംബ (8), സിക്കന്ദര്‍ റാസ (9), റെഗിസ് ചകബ്വാ (0) എന്നിവര്‍ക്ക് രണ്ടക്കം പോലും കാണാന്‍ സാധിച്ചില്ല. വാലറ്റത്ത് ബ്രാഡ് ഇവാന്‍സ് (19), റ്യാന്‍ ബേള്‍ (10) എന്നിവരുടെ പ്രകടനമാണ് സ്‌കോര്‍ 130ലെതതിച്ചത്. ലൂക് ജോംഗ്‌വെയാണ് (0) പുറത്തായ മറ്റൊരു താരം. റിച്ചാര്‍ഡ് ഗവാര (3) ബേളിനൊപ്പം പുറത്താവാതെ നിന്നു. ഹാരിസ് റൗഫിന് ഒരു വിക്കറ്റുണ്ട്.

സിംബാബ്‌വെ: റെഗിസ് ചകാബ്വ, ക്രെയ്ഗ് ഇര്‍വിന്‍, സീന്‍ വില്യംസ്, സിക്കന്ദര്‍ റാസ, വെസ്ലി മധെവേരെ, മില്‍ട്ടണ്‍ ഷുംബ, ബ്രാഡ് ഇവാന്‍സ്, റ്യാന്‍ ബേള്‍, ലൂക് ജോങ്‌വെ, ബ്ലെസിംഗ് മുസറബാനി, റിച്ചാര്‍ഡ് ഗവാര. 

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ഷാന്‍ മസൂദ്, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഹൈദര്‍ അലി, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം, നസീം ഷാ.

LEAVE A REPLY

Please enter your comment!
Please enter your name here