പിടികൂടിയവയില്‍ 27 കോടിയുടെ വാച്ചും; ഡല്‍ഹി വിമാനത്താവളത്തില്‍ കോടികളുടെ കസ്റ്റംസ് വേട്ട

0
419

ന്യൂഡല്‍ഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 28 കോടി രൂപയുടെ വാച്ചുകളും ടൈംപീസുകളും പിടികൂടി. വജ്രങ്ങൾ പതിപ്പിച്ച 27 കോടി രൂപ വിലമതിക്കുന്ന വാച്ച് കൂടാതെ വിലപിടിപ്പുള്ള മറ്റ് ആറ് വാച്ചുകളും ഏഴ് ടൈംപീസുകളും പിടിച്ചെടുത്തു. വൈരക്കല്ലുകൾ പതിച്ച ബ്രേസ് ലെറ്റും ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 14 പ്രോയും പിടിച്ചെടുത്ത വസ്തുക്കളിൽ ഉൾപ്പെടുന്നു.

പ്രമുഖ അമേരിക്കന്‍ ആഭരണ-വാച്ച് നിര്‍മ്മാതാക്കളായ ജേക്കബ് ആന്‍ഡ് കമ്പനി നിർമിച്ചതാണ് 27 കോടി വിലവരുന്ന വാച്ച്. പ്രത്യേക ആവശ്യപ്രകാരം 18 കാരറ്റ് വൈറ്റ് ​ഗോൾഡും വജ്രങ്ങളും കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 76 വജ്രങ്ങൾ ഇതിൽ പതിപ്പിച്ചിരിക്കുന്നു. മാന്വല്‍ വൈന്‍ഡിങ് സംവിധാനമുള്ള വാച്ചാണിത്. ഇതിന്റെ സ്കെലിറ്റൻ ഡയലിലും വജ്രങ്ങൾ പതിപ്പിച്ചിട്ടുണ്ട്. യാത്രക്കാരനില്‍ നിന്ന് പിടികൂടിയ മറ്റ് വാച്ചുകളിൽ സ്വിസ് ലക്ഷ്വറിയുടെ 31 ലക്ഷം രൂപ വിലയുള്ള ഒരു പിയാ​ഗെറ്റ് ലൈംലൈറ്റ് സ്റ്റെല്ല വാച്ചും അഞ്ച് റോളക്സ് വാച്ചുകളും ഉൾപ്പെടുന്നു. റോളക്സ് വാച്ചുകൾക്ക് ഓരോന്നിനും 15 ലക്ഷം രൂപ വിലവരും.

വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ടുവരുമ്പോൾ അടയ്ക്കേണ്ടി വരുന്ന നികുതി വെട്ടിക്കാനാണ് യാത്രക്കാരൻ ഇത്തരത്തിൽ കടത്താനുള്ള ശ്രമം നടത്തിയതെന്നും ഡൽഹി വിമാനത്താവളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ കള്ളക്കടത്ത് വേട്ടയാണിതെന്നും കസ്റ്റംസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

വന്‍തിരക്കുള്ള സമയത്ത് യാത്രക്കാര്‍ക്ക് ബുദ്ധി‌മുട്ടുണ്ടാക്കാതെയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതെന്ന് ഡല്‍ഹി കസ്റ്റംസ് സോണിന്റെ ചീഫ് കമ്മിഷണര്‍ സുര്‍ജിത് ഭുജാപല്‍ പറഞ്ഞു. 60 കിലോഗ്രാം സ്വര്‍ണത്തിന് സമാനമായ വിലമതിക്കുന്ന വസ്തുവകകളാണ് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ കണ്ടെത്തിയതെന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് കസ്റ്റംസ് കമ്മിഷണര്‍ സുബൈര്‍ റിയാസ് കമിലി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here