പാലും പൊള്ളും; വില കൂട്ടുമെന്ന് മില്‍മ, അടുത്ത മാസം മുതല്‍ പുതിയ വില

0
197

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്‍റെ വില വര്‍ധിക്കും. പാല്‍വില കൂട്ടുമെന്ന്  മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. വർദ്ധന അടുത്ത മാസം അവസാനത്തോടെ ഉണ്ടാകും ലിറ്ററിന് 4 മുതൽ 5 രൂപ വരെ വർദ്ധിച്ചേക്കുമെന്നാണ് സൂചന. മില്‍മ പാല്‍ ലിറ്ററിന് അഞ്ചു രൂപയിലേറെ കൂട്ടേണ്ടി വരുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വില വർധനയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ക്ഷീരകർഷകരും വിദഗ്ധരുമടങ്ങുന്ന സമിതിയുടെ റിപ്പോർട്ടിനു ശേഷമാകും തീരുമാനം.
2019 ലാണ് മിൽമ പാലിന്റെ വില ഇതിനു മുൻപ് വർധിപ്പിച്ചത്. അന്ന് ലിറ്ററിന് നാലു രൂപ കൂട്ടിയപ്പോൾ മൂന്നു രൂപ 35 പൈസ ക്ഷീര കർഷകർക്കാണ് നൽകിയത്. വീണ്ടും വില കൂട്ടാതെ മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് കർഷകർ. മിൽമയും സർക്കാരിനോട് വില വർധനയ്ക്ക് അനുമതി തേടിയിരുന്നു.

മഞ്ഞനിറമുള്ള കവറിനും, ഇളം നീലനിറമുള്ള കവറിനും 44 രൂപയാണ് നിലവിലെ വില. കടും നീല കവറിന് ലിറ്ററിന് 46 രൂപയാണ്. നിലവില്‍ കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ   വില 48 രൂപയാണ്.  കാലിത്തീറ്റ വില വർധന ഉൾപ്പെടെ കർഷകർക്കുണ്ടായ നഷ്ടം നികത്താൻ 28 കോടി രൂപ സർക്കാർ ഇൻസെന്റീവ് അനുവദിച്ചിരുന്നു. ജൂലൈയിൽ ആരംഭിച്ച ഇൻസെന്റീവ് ഡിസംബറിൽ അവസാനിക്കും. അതിനു ശേഷവും പ്രതിസന്ധി തുടരുമെന്ന വിലയിരുത്തലിലാണ് പാൽ വില വർധിപ്പിക്കുന്നത്. കാലിത്തീറ്റയുടെ വിലക്കയറ്റമടക്കം ഉല്‍പ്പാദനച്ചെലവ്  താങ്ങാനാവാത്ത സാഹചര്യത്തിലാണെന്നാണ് ക്ഷീരകര്‍ഷകരും പറയുന്നത്. വില വര്‍ധനവ് ആശ്വാസമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here