‘പാകിസ്താൻ എനിക്ക് വിസ നിഷേധിച്ചിട്ടില്ല, പ്രശ്‌നമിതാണ്…’; വെളിപ്പെടുത്തലുമായി ശിഹാബ് ചോറ്റൂർ

0
501

തന്റെ യാത്രയുടെ പുരോഗതി അറിയിച്ച് വിശുദ്ധ ഹജ്ജ് കർമം നിർവഹിക്കുന്നതിനായി മക്കയിലേക്ക് കാൽ നടയായി യാത്ര തിരിച്ച ശിഹാബ് ചോറ്റൂർ. പാകിസ്താൻ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയിൽ വന്ന പ്രശ്‌നം മൂലമാണ് തടസ്സം നേരിടുന്നതെന്നും അദ്ദേഹം യൂട്യൂബിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത വീഡിയോയിൽ അറിയിച്ചു. തനിക്ക് ഇപ്പോൾ അനുവദിച്ച ടൂറിസ്റ്റ് വിസ ഒരു മണിക്കൂർ കൊണ്ട് ലഭിക്കുമായിരുന്നുവെന്നും എന്നാൽ തനിക്ക് വേണ്ടത് ട്രാൻസിറ്റ് വിസയാണെന്നും പറഞ്ഞു. ടൂറിസ്റ്റ് വിസയിൽ പോയാൽ തനിക്ക് പാകിസ്താൻ സന്ദർശിച്ച് തിരികെ വരാമെന്നും എന്നാൽ തനിക്ക് പാകിസ്താനിലെത്തി ഇറാനിലേക്ക് പോകാൻ ട്രാൻസിറ്റ് വിസയാണ് വേണ്ടതെന്നും വ്യക്തമാക്കി. വാഗാ ബോർഡർ വഴി പാകിസ്താനിൽ കയറി ഇറാനിലെ തഫ്താൻ ബോർഡർ വഴിയാണ് തനിക്ക് പ്രവേശിക്കേണ്ടതെന്നും ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു രേഖ കൂടി വേണമെന്നും ശിഹാബ് വ്യക്തമാക്കി.

യാത്രക്ക് തടസ്സം നേരിടാതിരിക്കാനാണ് ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താതിരുന്നതെന്നും ഇപ്പോൾ കാര്യങ്ങൾ വഷളായതോടെയാണ് പറയുന്നതെന്നും മലപ്പുറം ആതവനാട് സ്വദേശിയായ ശിഹാബ് പറഞ്ഞു. പ്രശ്‌നമുണ്ടെങ്കിൽ വീഡിയോ നീക്കം ചെയ്യുമെന്നും പറഞ്ഞു. മൂന്നു മാസത്തെ വിസ അനുവദിച്ചിരുന്ന ഇറാഖും ഇറാനും അനുവദിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ ഒരു വർഷത്തെ വിസയാക്കി തന്നിട്ടുണ്ടെന്നും സൗദി ഒരു വർഷത്തെ വിസ നൽകിയിട്ടുണ്ടെന്നും പറഞ്ഞു. ഇറാനും ഇറാഖും മൾട്ടിപ്പിൾ എൻട്രിയാണെന്നും സൗദി ടൂറിസ്റ്റ് – ബിസിനസ് വിസയും നടന്ന് ഹജ്ജിനുപോകാനുള്ള വിസയും നൽകിയിട്ടുണ്ടെന്നും പറഞ്ഞു.

രേഖകളൊക്കെ ശരിയാക്കി എംബസി വാക്ക് തന്നതിന്റെ ശേഷമാണ് യാത്ര തുടങ്ങിയതെന്നും വിസ ലഭിച്ച ശേഷം ദീർഘമായ യാത്ര തുടങ്ങാനാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മുമ്പ് ആരും ഈ രീതിയിൽ യാത്ര ചെയ്യാത്തതിനാൽ മുൻകാല അനുഭവങ്ങൾ ചോദിച്ചു മനസ്സിലാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 3200 കിലോമീറ്റർ നടന്ന് അതിർത്തിയിൽ എത്തിയിട്ടുണ്ടെങ്കിൽ ദൈവഹിതത്താൽ പാകിസ്താനും ഇറാനും കടന്ന് മക്കയിലെത്തി ഹജ്ജ് ചെയ്യുമെന്നും മരണത്തിനല്ലാതെ ഒന്നിനും തന്നെ തടയാനാകില്ലെന്നും ശിഹാബ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ യാത്രയുമായി ബന്ധപ്പെട്ട് പല വ്യാജ വിവരങ്ങളും യൂട്യൂബിലും മറ്റും പലരും പ്രചരിക്കുന്നുണ്ടെന്നു അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്താൻ അതിർത്തിയിൽ പലരും തന്നെ കാത്തിരിക്കുന്നുണ്ടെന്നും ഇന്ത്യൻ സർക്കാർ പിന്തുണക്കുന്നുണ്ടെന്നും പറഞ്ഞു. പാകിസ്താൻ ശിഹാബിന് വിസ നിഷേധിച്ചതായി ചില വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. പാകിസ്താനിലേക്ക് പ്രവേശിക്കാനാവാതെ പഞ്ചാബിലെ വാഗാ അതിർത്തിയിൽ 16 ദിവസത്തോളമായി ശിഹാബ് തുടരുകയാണെന്നായിരുന്നു റിപ്പോർട്ടുകൾ.

ജൂൺ രണ്ടിനാണ് ശിഹാബ് വിശുദ്ധ ഹജ്ജ് കർമ നിർവഹിക്കാനായി മക്കയിലേക്ക് യാത്ര തിരിച്ചത്. ബുധനാഴ്ച യാത്ര 126 ദിവസം പിന്നിട്ടു. സെപ്റ്റംബർ ഏഴിന് പഞ്ചാബിലെത്തിയ ശിഹാബ് ഇപ്പോൾ വാഗയിലെ ഖാസയിലാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here