ബംഗല്ലൂരു : കർണാടകയിൽ പരാതി നൽകാനെത്തിയ സ്ത്രീയുടെ കരണത്തടിച്ച് മന്ത്രി. ബിജെപി നേതാവും മന്ത്രിയുമായ വി സോമണ്ണയാണ് പരാതി നൽകാനെത്തിയ സ്ത്രീയെ ഉദ്യോഗസ്ഥർ നോക്കിനിൽക്കെ മർദ്ദിച്ചത്. ചാമരാജ നഗറിലെ ഒരു പൊതു പരിപാടിക്കിടെ ശനിയാഴ്ചയായിരുന്നു സംഭവം. ദാരിദ്രരേഖക്ക് താഴെയുള്ള വിഭാഗങ്ങൾക്ക് വീട് വെച്ചുനൽകുന്ന പരിപാടിക്കിടെയാണ് സംഭവം. വേദിയിലെത്തി വീട് ലഭിക്കാത്തതിലെ പരാതി അറിയിച്ച സ്ത്രീയുടെ മുഖത്ത് മന്ത്രി അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ മന്ത്രി ക്ഷമാപണം നടത്തി.
ദാരിദ്രരേഖക്ക് താഴെയുള്ള തനിക്ക് വീടിന് അർഹതയുണ്ടായിട്ടും വീട് ലഭിച്ചില്ലെന്ന് പരാതി പറയാനെത്തിയതായിരുന്നു സ്ത്രീ. ഇവർ വേദിയിലേക്ക് കയറിയതിൽ അനിഷ്ടമാണ് കരണത്തടിച്ച് മന്ത്രി പ്രകടിപ്പിച്ചത്. നിലത്ത് വീണ സ്ത്രീ മന്ത്രിയുടെ കാലിൽ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. മൂന്നരക്ക് നടത്തേണ്ടിയിരുന്ന പരിപാടിക്ക് നിശ്ചയിച്ചതിൽ നിന്നും രണ്ട് മണിക്കൂറോളം വൈകിയാണ് മന്ത്രിയെത്തിയത്. ഇരുനൂറോളം പേർ മന്ത്രിയെ കാത്തുനിന്നിരുന്നു. ഇതിനിടെയാണ് ഒരു സ്ത്രീയെ വേദിയിൽ വെച്ച് മർദ്ദിക്കുന്ന സംഭവമുണ്ടായത്.
മന്ത്രിമാർ പൊതുജനങ്ങളെ മർദ്ദിക്കുന്ന സംഭവം കർണാടകയിൽ ഇതാദ്യമായല്ല. നേരത്തെ നിയമ മന്ത്രി ജെ. സി മധുസ്വാമിയും സമാനമായ രീതിയിൽ പൊതു മധ്യത്തിൽ ജനങ്ങളെ മർദ്ദിച്ച് കേസിൽപ്പെട്ടിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് മറ്റൊരു ബിജെപി എംഎൽഎ ഒരു സ്ത്രീയെ അസഭ്യം പറയുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.
Karnataka BJP Minister V Somanna slaps a woman who had come to tell her grievances. pic.twitter.com/Zsla3AAXAW
— Mohammed Zubair (@zoo_bear) October 23, 2022