പച്ചക്കറിക്ക് തീവില; വിലക്കയറ്റത്തിൽ വലഞ്ഞ് ഹോട്ടലുകൾ, അടുക്കള ബജറ്റും താളം തെറ്റുന്നു

0
214

കൊച്ചി: പച്ചക്കറിവില കുതിച്ചുയര്‍ന്നതോടെ സാമ്പാര്‍ ഉള്‍പ്പെടെ മലയാളിയുടെ ഇഷ്ടവിഭവങ്ങള്‍ക്ക് ഇനി കൂടുതല്‍ പണമിറക്കേണ്ടി വരും. ഒരു കിലോ ചെറിയ ഉള്ളിക്കും മുരിങ്ങാക്കായയ്ക്കും കൊടുക്കണം 90 രൂപ. കാരറ്റിന് 80 രൂപയാണ് വില. ബീറ്റ്റൂട്ടിന് കിലോയ്ക്ക് 65 രൂപയും പച്ചമുളകിന് 60 രൂപയും നല്‍കണം. എന്നാല്‍, ചിലയിടങ്ങളില്‍ വില ഇതിലും കൂടും.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി പ്രതീക്ഷിക്കാതെ എത്തിയ മഴയാണ് ഭക്ഷ്യ വിലക്കയറ്റത്തിനുള്ള കാരണമായതെന്ന് പച്ചക്കറി വ്യാപാരികള്‍ പറയുന്നു.
 

കാലം തെറ്റിയെത്തിയ മഴയില്‍ ഇതര സംസ്ഥാനങ്ങളിലുണ്ടായ കൃഷിനാശവും കാര്‍ഷിക ഉത്പാദനത്തിലുണ്ടായ ഇടിവുമാണ് സംസ്ഥാനത്തെ ‘അടുക്കള ബജറ്റ്’ താളം തെറ്റിക്കുന്നത്. കേരളം ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ലഭ്യത കുറയുന്നത് വിലക്കയറ്റത്തിനു കാരണമാകുന്നു. കേരളത്തിലേക്ക് അരിയും പച്ചക്കറികളും പ്രധാനമായും വരുന്നത് ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ്. മഴ കാരണം ഈ സംസ്ഥാനങ്ങളില്‍ വിളവെടുപ്പിനു തയ്യാറായ 20-30 ശതമാനം വരെ വിളകള്‍ നശിച്ചതായാണ് വിവരം.

ചെറിയ ഉള്ളിക്കും മുരിങ്ങാക്കായയ്ക്കും മൂന്നു മാസത്തിനുള്ളില്‍ 90 ശതമാനം മുതല്‍ 110 ശതമാനം വരെയാണ് വില ഉയര്‍ന്നിട്ടുള്ളത്. മറ്റു പച്ചക്കറികള്‍ക്ക് ഒരു മാസത്തിനുള്ളില്‍ 20-30 ശതമാനം വരെ വില ഉയര്‍ന്നിട്ടുണ്ട്. അതേസമയം, കൂര്‍ക്ക പോലുള്ള സീസണല്‍ കിഴങ്ങുവര്‍ഗങ്ങള്‍ക്ക് വില കുറഞ്ഞിട്ടുമുണ്ട്.

നേരത്തേ സംസ്ഥാനത്തുതന്നെ ധാരാളമായി കൃഷി ചെയ്തിരുന്ന പാവയ്ക്ക, പടവലങ്ങ പോലുള്ള പച്ചക്കറികളടക്കം ഇപ്പോള്‍ കൂടുതലായെത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍നിന്നാണെന്നും സംസ്ഥാനത്ത് ഉത്പാദനം കുറഞ്ഞതായും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

വില വർധിപ്പിക്കണമെന്ന് ഹോട്ടലുടമകൾ

കൊച്ചി: പഴം-പച്ചക്കറികള്‍, അരി, ധാന്യങ്ങള്‍, ഇറച്ചി തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില വര്‍ധിച്ചതോടെ പ്രതിസന്ധിയിലായി ഹോട്ടലുകള്‍. നിലവില്‍ ഭക്ഷണങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നില്ലെന്നാണ് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ.) തീരുമാനം.

എന്നാല്‍, വില വര്‍ധിപ്പിക്കാതെ മുന്നോട്ടു പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് ഹോട്ടലുകള്‍ പറയുന്നത്.

പാല്‍ വില ലിറ്ററിന് അഞ്ച് രൂപയിലധികം കൂട്ടാനുള്ള തീരുമാനവും ഹോട്ടലുകളുടെ നടുവൊടിക്കും. നിലവില്‍ ഒരു ഗ്ലാസ് ചായയ്ക്ക് കുറഞ്ഞത് 10-15 രൂപ വരെയാണ് വില. പാല്‍ വില ഉയര്‍ത്തിയാല്‍ ചായയുടെ വില വര്‍ധിക്കും.

വിലക്കയറ്റം കൂടാതെ തൊഴിലാളികളുടെ കൂലി, കെട്ടിട വാടക, പാചക വാതകം, വിറക് തുടങ്ങിയവയുടെ വിലവര്‍ധനയും മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വില കൂട്ടിയാല്‍ കച്ചവടം കുറയുമെന്നാണ് ഉടമകള്‍ പറയുന്നത്. അതേസമയം, വില കൂട്ടണമെന്നാണ് ഒരുപക്ഷം ഹോട്ടലുടമകളുടെ ആവശ്യം.

നിലവില്‍ ഹോട്ടലുകളുടെ തരവും വിഭവങ്ങളും അനുസരിച്ച് ഊണിന് ശരാശരി 40 രൂപ മുതല്‍ 150 രൂപ വരെയാണ് വില. നക്ഷത്ര ഹോട്ടലുകളില്‍ വില വീണ്ടും ഉയരും.

 

LEAVE A REPLY

Please enter your comment!
Please enter your name here