നെടുമ്പാശേരിയിൽ കാസർകോട്​ സ്വദേശിയുൾപ്പെടെ നാല് പേരിൽ നിന്ന് 3 കിലോയിലേറെ സ്വർണം പിടിച്ചു; കടത്തിന് പുതിയ വഴികൾ

0
221

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്തിയ 3.250 കിലോ സ്വർണമാണ് പിടികൂടിയത്. നാല് യാത്രക്കാരിൽ നിന്നായാണ് സ്വർണം പിടിച്ചെടുത്തിരിക്കുന്നത്. രാവിലെ മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ സ്വർണവും പിന്നീട് വന്ന കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് ഒരു കിലോ നൂറ്റി നാൽപത് ഗ്രാം സ്വർണവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

ഒരിടവേളയ്ക്ക് ശേഷം സ്വർണക്കള്ളക്കടത്ത് മാഫിയ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിമിറുക്കുന്നതിന്റെ തെളിവാണ് ഇന്നത്തെ സ്വർണവേട്ട. രണ്ട് മലപ്പുറം സ്വദേശികളും കാസർകോട്, കോഴിക്കോട് സ്വദേശികളുമാണ് ഇന്ന് പിടിയിലായത്.

മലപ്പുറം സ്വദേശികളായ രണ്ട് പേരാണ് പൊടി രൂപത്തിലും പേസ്റ്റ് രൂപത്തിലും സ്വർണം കടത്തിയത്. പൊടി രൂപത്തിൽ സ്വർണം കടത്തുന്നത് പുതിയ രീതിയാണ്. 200 ഗ്രാമാണ് ഇത്തരത്തിൽ പൊടി രൂപത്തിലാക്കി കടത്തിയത്. ഇതൊരു പരീക്ഷണമായിരുന്നോയെന്ന് സംശയിക്കുന്നുണ്ട്. ഇത്തരത്തിൽ സ്വർണം കടത്തുമ്പോൾ വിമാനത്താവളത്തിൽ പിടിക്കപ്പെടുമോയെന്ന് കണ്ടെത്താനാവും കുറഞ്ഞ അളവിൽ സ്വർണം പൊടിയാക്കി കടത്തിയതെന്നാണ് നിഗമനം. 400 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കിയും കടത്തിയിട്ടുണ്ട്.

കോഴിക്കോട് സ്വദേശിയും കാസർകോട് സ്വദേശിയും ഒരു കിലോ ഗ്രാമിലധികം സ്വർണം കൊണ്ടുവന്നവരാണ്. ഇവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. മലപ്പുറം സ്വദേശികളായ രണ്ട് പേരെ കുറഞ്ഞ അളവിൽ സ്വർണം കടത്തിയതിനാൽ ജാമ്യത്തിൽ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here