നവരാത്രി ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപണം; മുസ്‌ലിം യുവാക്കളെ തല്ലിച്ചതച്ച് ഗുജറാത്ത് പൊലീസ്, കയ്യടിച്ച് ജനക്കൂട്ടം

0
311

അഹമ്മദാബാദ്: നവരാത്രി ഗർബ ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാക്കളെ പരസ്യമായി തല്ലിച്ചതച്ച് ഗുജറാത്ത് പൊലീസ്. ഗുജറാത്തിലെ ഖേഡ ജില്ലയിലാണ് തൂണിനോട് ചേർത്തുപിടിച്ച് യുവാക്കളെ പൊലീസ് മർദിച്ചത്. ചുറ്റും കൂടിയ ജനക്കൂട്ടം മഫ്തിയിലെത്തിയ പൊലീസുകാരുടെ മർദനത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.

ട്വിറ്ററിൽ വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രാദേശിക ചാനലായ വി.ടി.വി ഗുജറാത്തി ന്യൂസും സംഭവം പുറത്തുവിട്ടിട്ടുണ്ട്. ‘കല്ലെറിഞ്ഞ പ്രതികളെ ഖേഡ പൊലീസ് തൂണിൽ കെട്ടി, പൊതുജനമധ്യേ ചൂരൽ കൊണ്ടടിച്ചു, ജനക്കൂട്ടം കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു’ എന്ന കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്.

പ്രതികളോട് പൊതുജനത്തോട് മാപ്പു പറയണമെന്ന് നിർദേശിക്കുന്നതും അവരപ്രകാരം ചെയ്യുന്നതും വീഡിയോയിൽ കാണാം. പൊലീസ് ഇൻസ്‌പെക്ടറടക്കം സന്നിഹിതനായിരിക്കെയാണ് പ്രതികളെ ക്രൂരമായി മർദിച്ചത്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്.

150 ഓളം ആളുകളടങ്ങിയ സംഘം ക്ഷേത്ര പരിസരത്ത് നടന്ന ഗർബ ചടങ്ങിലേക്ക് കല്ലെറിഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു. 43 പേരെ പിടികൂടിയതായും പറഞ്ഞു. മതർ പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 13 പേരെ തടങ്കിൽവെച്ചതായി ഡെപ്യൂട്ടി സൂപ്രണ്ട് വി.ആർ. ബാജ്‌പൈ പറഞ്ഞു.

മധ്യപ്രദേശിലെ ഉജ്ജൈയിനലുള്ള ഗർബ പന്തലിൽ അഞ്ചു മുസ്‌ലിം യുവാക്കളെ തടഞ്ഞുവെച്ചിരുന്നു. എന്നാൽ അവർ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു പൊലീസ് വെറുതെ വിടുകയായിരുന്നു. മുൻകരുതൽ തടങ്കൽ നടപടിയാണ് സ്വീകരിച്ചതെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here