നബിദിനം; 325 തടവുകാർക്ക്​​ മാപ്പ്​ നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്

0
218

മസ്‍കത്ത്: ഒമാനില്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 325 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവിട്ടു. നബിദിനത്തോടനുബന്ധിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇപ്പോള്‍ മോചിതരാക്കപ്പെടുന്നവരില്‍ 141 പേര്‍ പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. തടവുകാരുടെ കുടുംബങ്ങളെക്കൂടി കണക്കിലെടുത്തുകൊണ്ടാണ് ജയില്‍ മോചനം പ്രഖ്യാപിച്ചത്. വിശേഷ ദിവസങ്ങളില്‍ തടവുകാരുടെ ജയില്‍ മോചനം പ്രഖ്യാപിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ പതിവ് രീതിയാണ്. വിവിധ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഇതിന് അര്‍ഹരായവരെ അധികൃതര്‍ തീരുമാനിക്കുന്നത്.

ഒമാനില്‍ നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 9 ഞായറാഴ്ചയാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും നിയമ വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയ്‍ക്കും അന്ന് അവധിയായിരിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം  സ്വകാര്യ മേഖലയിലെ ജോലിയുടെ സ്വഭാവം പരിഗണിച്ച് അന്ന് ജീവനക്കാര്‍ക്ക് അവധി നല്‍കാന്‍ സാധിക്കാത്ത തൊഴിലുടമകള്‍ ജീവനക്കാരുടെ അവധി നഷ്ടം നികത്തണമെന്നും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ ആവശ്യപ്പെട്ടു.

അതേസമയം നബിദിനം പ്രമാണിച്ച് യുഎഇയിലെ പൊതു – സ്വകാര്യ മേഖലകള്‍ക്ക് ശനിയാഴ്ചയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. യുഎഇയിലെ വിവിധ എമിറേറ്റുകള്‍ ഇന്ന് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ എട്ടിന് ദുബൈയിലെ എല്ലാ പാര്‍ക്കിങ് ഏരിയകളിലും സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മള്‍ട്ടി ലെവല്‍ ടെര്‍മിനലുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അബുദാബിയില്‍ ശനിയാഴ്ച ടോളും പാര്‍ക്കിങ് ഫീസും ഒഴിവാക്കിയിട്ടുണ്ടെന്ന് നേരത്തെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഷാര്‍ജയിലും മിക്ക പാര്‍ക്കിങ് ഏരിയകളിലും ശനിയാഴ്ച സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയിലും അബുദാബിയിലും ഞായറാഴ്ചയും പാര്‍ക്കിങ് സൗജന്യമായതിനാല്‍ രണ്ട് ദിവസം പാര്‍ക്കിങ് ഫീസ് സൗജന്യം ലഭിക്കും.  അവധി ദിവസങ്ങളിലും പണം ഈടാക്കുന്ന ഷാര്‍ജയിലെ ചില സോണുകളിലെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ സൗജന്യം ലഭിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here