‘ദൈവത്തോട് പശ്ചാത്തപിച്ചു മടങ്ങുന്നു’; സിനിമാ അഭിനയം നിർത്തുന്നതായി ഭോജ്പുരി നടി

0
297

ഇനി സിനിമാ വ്യവസായത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് തെലുങ്ക്-ഭോജ്പുരി നടി സഹർ അഫ്ഷ. ഇൻസ്റ്റഗ്രാം കുറിപ്പിലാണ് തന്റെ തീരുമാനം അഫ്ഷ ആരാധകരെ അറിയിച്ചത്. സിനിമാ മേഖല വിട്ട് ദൈവത്തിലേക്ക് മടങ്ങുന്നതായും അവർ പറഞ്ഞു. ബോളിവുഡ് താരങ്ങളായ സനാ ഖാനും സൈറ വസീമിനും പിന്നാലെയാണ് മറ്റൊരു നടി കൂടി വിനോദ വ്യവസായം ഉപേക്ഷിക്കുന്നത്.

സെപ്തംബർ 22ന് പോസ്റ്റ് ചെയ്ത കുറിപ്പിൽ അഫ്ഷ തീരുമാനത്തെ കുറിച്ച് പറയുന്നതിങ്ങനെ; ‘പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, ഷോബിസ് ഇൻഡസ്ട്രിയോട് വിട പറയുന്നതായി ഞാൻ അറിയിക്കുന്നു. ഇനി അതുമായി എനിക്ക് ബന്ധമുണ്ടാകില്ല. അല്ലാഹുവിന്റെ അനുഗ്രഹത്തോടെ ഇസ്‌ലാമിക അധ്യാപനങ്ങൾക്കനുസരിച്ചായിരിക്കും എന്റെ ഭാവി ജീവിതം.’

‘പ്രശസ്തി, ബഹുമാനം, ഭാഗ്യം തുടങ്ങിയ നിരവധി അനുഗ്രഹങ്ങൾ നൽകിയ ആരാധകരോട് ഞാൻ നന്ദിയുള്ളവളാണ്. എന്റെ കുട്ടിക്കാലത്ത് ഇത് സങ്കൽപ്പിച്ചിട്ടു പോലുമില്ല. അവിചാരിതമായാണ് ഈ വ്യവസായത്തിലെത്തിയത്. എന്നാൽ ഇപ്പോൾ ഷോബിസ് ജീവിത രീതി പരിത്യജിക്കാൻ ഞാൻ തീരുമാനിക്കുന്നു. ദൈവത്തിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു. അവനോട് മാപ്പപേക്ഷിക്കുന്നു. വരുംജീവിതം അല്ലാഹുവിന്റെ ആജ്ഞയ്ക്ക് അനുസൃതമായിരിക്കും’ – അവർ കൂട്ടിച്ചേർത്തു.

സനാ ഖാൻ അടക്കമുള്ളവർ അഫ്ഷയുടെ തീരുമാനത്തോട് പ്രതികരിച്ചു. ‘മാഷാ അല്ലാഹ്.. സഹോദരീ സുഖമായിരിക്കട്ടെ. നിങ്ങളുടെ ജീവിതത്തിന്റെ ഓരോ കാൽവയ്പ്പിലും അല്ലാഹു നിങ്ങൾക്ക് ശക്തി നൽകട്ടെ. നിന്നുടെ ചുറ്റുമുള്ളയാളുകൾക്ക് നിങ്ങൾ ഒരു പ്രചോദനം ആകാം.’ – എന്നായിരുന്നു സനാ ഖാന്റെ കുറിപ്പ്. സനയുടെ അടുത്ത സുഹൃത്തു കൂടിയാണ് സഹര്‍ അഫ്ഷ.

സനാ ഖാനൊപ്പം സഹര്‍ അഫ്ഷ

സനാ ഖാനൊപ്പം സഹര്‍ അഫ്ഷ

തെലുങ്ക് സിനിമ കർത കർമ ക്രിയ(2018)യിലൂടെയാണ് അഫ്ഷ സിനിമാ ജീവിതം ആരംഭിച്ചത്. 2020ൽ മെഹിന്ദി ലഗാ കെ രഖ്‌നാ 3യിലും വേഷമിട്ടു. നിരവധി ടിവി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

2019 ജൂണിലാണ് സൈറ വസീം ബോളിവുഡ് അഭിനയം അവസാനിപ്പിച്ചത്. 2020 ഒക്ടോബറിൽ സനാ ഖാനും. പാക് ഗായിക അബ്ദുല്ല ഖുറേഷി ഈയിടെ സമാന തീരുമാനമെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here