തണുത്ത് വിറച്ച് ബെംഗലൂരു; 14 വര്‍ഷത്തിനിടെ ഏറ്റവും കൂടിയ തണുപ്പ്

0
222

ബെംഗളൂരു: കനത്ത മഴയ്ക്ക് പിന്നാലെ ബെംഗളൂരു നഗരം തണുത്ത് വിറയ്ക്കുകയാണ്. കഴിഞ്ഞ ആഴ്ചവരെ നഗരത്തില്‍ കനത്ത മഴയായിരുന്നു. മഴ ശമിച്ചതിന് പിന്നാലെ നഗരം കൊടും തണുപ്പിലേക്ക് കടന്നു. തീരപ്രദേശങ്ങളിലും വടക്കൻ ഉൾപ്രദേശങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലെ മിക്കയിടങ്ങളിലും താപനിലയിൽ വലിയ ഇടിവാണ് അനുഭവപ്പെട്ടത്. പതിനാല് വര്‍ഷത്തിനിടെ നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം ബെംഗളൂരു നഗരത്തില്‍ രേഖപ്പെടുത്തിയത്. സമീപ ജില്ലകളിലും സാധാരണയിലും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.

ബെംഗളൂരു നഗരത്തില്‍ 15.4 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇത് സാധാരണയേക്കാൾ 4 ഡിഗ്രി സെൽഷ്യത്തിന് താഴെയാണ്. അടുത്ത 3 – 4 ദിവസത്തേക്ക് നഗരത്തില്‍ കടുത്ത തണുപ്പ് തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ പല ജില്ലകളിലും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. 

എന്നാല്‍, ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ തുടങ്ങിയ തീരദേശ ജില്ലകളിലും തെക്കൻ ഉൾനാടൻ ജില്ലകളായ മാണ്ഡ്യ, കുടക്, മൈസൂർ എന്നിവിടങ്ങളിലും താപനിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയപ്പോള്‍ തെക്കൻ ഉൾപ്രദേശങ്ങളിലെയും വടക്കൻ ഉൾപ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും കൂടിയ താപനിലില്‍ കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 73 ശതമാനം പ്രദേശങ്ങളിലും ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസും 16 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് രേഖപ്പെടുത്തിയത്. ബെംഗളൂരുവിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 15.4 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒക്ടോബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. 

2018 ഒക്ടോബർ 30 ന് ബെംഗളൂരു നഗരത്തില്‍ 16.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. 1974 ഒക്ടോബർ 31 ന് രേഖപ്പെടുത്തിയ 13.2 ഡിഗ്രി സെൽഷ്യസാണ് ഇതുവരെ നഗരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനില. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട സിത്രംഗ് ചുഴലിക്കാറ്റ് കാരണം ഉത്തരേന്ത്യയിൽ നിന്നുള്ള തണുത്ത കാറ്റ് ദക്ഷിണേന്ത്യയിലേക്ക് വീശുന്നതായി കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ന്യൂനമർദം മൂലം അന്തരീക്ഷത്തിലെ ഈർപ്പം ബംഗാൾ ഉൾക്കടലിന്‍റെ തീവ്ര വടക്കുകിഴക്കൻ ദിശയിലേക്ക് ആകർഷിക്കപ്പെടുന്നു. ഇതാണ് തണുപ്പ് കൂടാന്‍ കാരണം. 

മേഘങ്ങളുടെ അഭാവവും വടക്ക് നിന്ന് വീശിയടിക്കുന്ന കാറ്റുമാണ് താപനില കുറയാൻ കാരണമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ.ഗീത അഗ്നിഹോത്രി പറഞ്ഞു. അന്തരീക്ഷത്തിൽ ഈർപ്പം കുറവാണെന്നത് ശൈത്യകാല സാഹചര്യങ്ങൾക്ക് അനുകൂലമാണ്. കിഴക്ക് നിന്ന് കാറ്റ് വീശുന്നത് വരെ സംസ്ഥാനത്ത് ഇതേ അവസ്ഥ തുടരും. കിഴക്കൻ തീരത്ത് നിന്ന് വീശുന്ന കാറ്റ് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വർദ്ധിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം കണക്ക് കൂട്ടുന്നു. മൂന്ന് നാല് ദിവസത്തിനുള്ളിൽ താപനില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here