ചായപ്പൊടിക്ക് പകരം ചേര്‍ത്തത് കീടനാശിനി; ആറ് വയസുകാരന്‍ ഉണ്ടാക്കിയ ചായ കുടിച്ച് നാല് മരണം

0
199

ഉത്തര്‍പ്രദേശില്‍ കീടനാശിനി കലര്‍ന്ന ചായ കുടിച്ച് നാല് പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ അടക്കമാണ് നാലുപേര്‍ മരിച്ചത്. ശിവാംഗ് (6), ദിവാംഗ് (5), രവീന്ദ്ര സിംഗ് (55), അയല്‍വാസി സൊബ്രന്‍ സിംഗ് എന്നിവരാണ് മരിച്ചത്. കുട്ടികളുടെ പിതാവ് ശിവ് നന്ദന്‍ ഗുരുതാരവസ്ഥയില്‍ ആശുപത്രിയിലാണ്. വീട്ടിലെ ആറ് വയസുകാരന്‍ തയ്യാറാക്കിയ ചായ കുടിച്ചാണ് നാല് പേരും മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

മെയിന്‍പുരിയിലെ നഗ്ല കന്‍ഹായ് ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ ഭാര്യപിതാവ് രവീന്ദ്ര സിംഗ് വീട്ടിലെത്തിയപ്പോള്‍ ചായ ഉണ്ടാക്കാനായി കുട്ടി അടുക്കളയില്‍ കയറുകയായിരുന്നു. ഈ സമയം കുട്ടിയുടെ അമ്മ പശുവിനെ കറക്കുകയായിരുന്നു. തിളപ്പിച്ച വെളളത്തില്‍ ചായപ്പൊടിക്ക് പകരം അബദ്ധത്തില്‍ കീടനാശിനി ചേര്‍ത്തതാകാം മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ചായ കുടിച്ചതിനു പിന്നാലെ അഞ്ചു പേര്‍ക്കും അസ്വസ്ഥത ഉണ്ടാവുകയും ഉടന്‍ തന്നെ മെയിന്‍പുരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിക്കുകയും അധികം വൈകാതെ മരണം സംഭവിക്കുകയുമായിരുന്നു.

സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണ്. വീട്ടില്‍ നിന്നും കണ്ടെടുത്ത കീടനാശിനിയാണെന്ന് കരുതുന്ന വസ്തുക്കളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here