കാസർകോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുസ്‍ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഗവർണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കാസർകോട് ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ഗവർണറുടെ തെറ്റായ നിലപാടുകൾക്കെതിരെ ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒമ്പത് സർവകലാശാല വി.സിമാരോട് ഗവർണർ രാജിവെക്കാനാവശ്യപ്പെട്ടുള്ള വിവാദം കത്തിപ്പടരുന്നതിനിടെയാണ് പ്രതിപക്ഷത്തെ പ്രധാന കക്ഷികളിലൊന്നായ മുസ്‍ലിംലീഗ് നേതാവിന്റെ നിർണായക പ്രതികരണം. ഗവർണറുടെ നടപടി സംബന്ധിച്ച് പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനകത്ത് അഭിപ്രായ വ്യത്യാസം പ്രകടമായ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണമെന്നതും പ്രസക്തമാണ്. കഴിഞ്ഞ ദിവസം മുസ്‍ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറും ഗവർണർക്കെതിരെ നിലപാട് പറഞ്ഞിരുന്നു.