കേരളത്തിലെ മയക്കുമരുന്ന് കടത്തുകാർ പിന്തുടരുന്നത് പാക് ഭീകരരുടെ രീതികൾ, കൊച്ചിയിൽ വെളിവായത് ഇതുവരെ കാണാത്ത മുഖങ്ങൾ

0
200

കൊച്ചി: വിദേശത്തുനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ലഹരിമാഫിയ ഉപയോഗിക്കുന്നത് വെർച്വൽ സിമ്മും. ലഹരിയുമായി ചെറുകിടവില്പനക്കാർ പിടിക്കപ്പെട്ടാലും അന്വേഷണം തങ്ങളിലേക്ക് എത്തില്ലെന്നതാണ് വെർച്വൽ സിം ഉപയോഗത്തിന് പിന്നിൽ.

അടുത്തിടെ കൊച്ചിയിൽ കൊറിയറിൽ എം.ഡി.എം.എ കടത്തിയതിന് അറസ്റ്റിലായ മുഖ്യപ്രതി അമേരിക്കൻ വെർച്വൽ സിമ്മാണ് ഉപയോഗിച്ചിരുന്നത്. അമേരിക്ക, കാനഡ, യു.കെ., ഇസ്രയേൽ, കരീബിയ എന്നിവിടങ്ങളിലെ വെർച്വൽ സിമ്മുകളാണ് ഏറെയും ഉപയോഗിക്കുന്നത്. ഇവ വാങ്ങാൻ വ്യക്തിഗതവിവരങ്ങൾ നൽകേണ്ടതില്ല. ഗൂഗിളിൽ ഇതിനായുള്ള വെബ്സൈറ്റുകൾ ധാരാളമുണ്ട്. ഒരു സിമ്മിന് 10-12 ഡോളറാണ് (814 രൂപ) വില. ഇന്റർപോളും മറ്റ് അന്വേഷണ ഏജൻസികളുമായി സഹകരിക്കാത്ത രാജ്യങ്ങളുടെ സിമ്മുകൾക്കാണ് ഡിമാൻഡ്.

പേര് സിം, പക്ഷേ ആപ്പ്

ഡാർക്ക് വെബ്ബിലടക്കം വെർച്വൽ സിം സുലഭം. വിൽക്കുന്ന കമ്പനികളുടെ ആപ്പുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണം. ക്രിപ്റ്റോയോ ഡോളറോ നൽകി നമ്പർ വാങ്ങുന്നതോടെ സാധാരണ സിം പോലെ ഉപയോഗിക്കാം. ഈ നമ്പറിൽ വാട്‌സ്ആപ്പും കിട്ടും. ഫോൺ വിളിക്കാമെങ്കിലും നിരക്ക് കൂടുതലാണ്. ഒരുമാസം കഴിയുമ്പോൾ വീണ്ടും പണം നൽകി സിം പുതുക്കാമെങ്കിലും ലഹരിക്കച്ചവടക്കാൻ പുതിയ സിമ്മെടുക്കുകയാണ് ചെയ്യുക.

ഭീകരവാദികളുടെ സിം

പുൽവാമ ആക്രമണത്തിൽ ഉൾപ്പെട്ട ജെയ്‌ഷ്-ഇ-മുഹമ്മദ് ഭീകരസംഘടനയുടെ ചാവേർ ഉപയോഗിച്ചത് വെർച്വൽ സിമ്മായിരുന്നു. എൻ.ഐ.എ സേവനദാതാവിൽ നിന്നുള്ള വിശദാംശങ്ങൾക്കായി അമേരിക്കയെ സമീപിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്.

നിയമമില്ല

ഇന്ത്യയിലെ ടെലിഫോൺ സേവനദാതാക്കളും വെർച്വൽ സിം നൽകുന്നുണ്ട്. വിദേശ സിമ്മുകളുടെ വില്പന നിരോധിച്ചിട്ടുമില്ല. ഇടയ്ക്കിടെ ഫോണുകളും സിമ്മുകളും മാറിക്കൊണ്ടിരിക്കുന്നവർക്ക് വെർച്വൽ സിം സൗകര്യപ്രദമാണ്. മറ്റു സ്ഥലങ്ങളിലേക്ക് പോകുമ്പോൾ പുതിയ സിം എടുക്കേണ്ടതില്ല.

”തീവ്രവാദികൾ ഉപയോഗിച്ചിരുന്ന വെർച്വൽ സിമ്മുകൾ മയക്കുമരുന്ന് മാഫിയകളും കൈകാര്യം ചെയ്യാൻ തുടങ്ങി. ഇതിനെതിരെ ശക്തമായ നിയമം കൊണ്ടുവരണം.”

നന്ദകിഷോർ,​സൈബർ വിദഗ്ദ്ധൻ

LEAVE A REPLY

Please enter your comment!
Please enter your name here