കേരളത്തിലെ ആദ്യത്തെ നരബലി നടന്നത് 49 വര്‍ഷം മുൻപ്; പ്രതിയെ തൂക്കിലേറ്റി കോടതി

0
246

കൊല്ലം: ഇലന്തൂരിലെ ഇരട്ട നരബലി വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ നരബലി എന്ന വാക്ക് വാര്‍ത്തകളിൽ ആദ്യമായി ഇടം പിടിച്ചത് 49 വർഷം മുമ്പാണ്. കൊല്ലം കുണ്ടറയിൽ ആറുവയസുകാരനെ ബന്ധു ബലി നൽകിയ സംഭവത്തിൽ പ്രതിയായിരുന്ന അഴകേശന് കോടതി അന്ന് വധശിക്ഷയാണ് വിധിച്ചത്.

1973 മെയ് 23. മുളവന ശ്രീശങ്കരോദയം സര്‍ക്കാ‍ർ സ്കൂളിന് സമീപമായിരുന്നു സംഭവം. പ്രദേശവാസിയായ ആറുവയസുകാരൻ ദേവദാസനെ കാണാതാകുന്നതോടെയാണ് സംഭവം ആരംഭിക്കുന്നത്. കാണാതായ കുട്ടിക്കായി നാട്ടുകാർ പ്രദേശത്ത് വ്യാപകമായി തെരച്ചിൽ നടത്തി. പക്ഷേ കുട്ടിയെ കണ്ടെത്താനായില്ല. ഒടുവിൽ ദേവദാസൻ്റെ വീടിന് പുറകിലുള്ള ബന്ധുവീട്ടിൻ്റെ മുറ്റത്ത് കണ്ട രക്തം നാട്ടുകാരിൽ സംശയമുണ്ടാക്കി.

വീടിന് സമീപം പരിശോധിച്ച പ്രദേശവാസികൾ എന്തോ കുഴിച്ചു മൂടി വാഴ നട്ട നിലയിൽ കണ്ടെത്തി. കുഴി തുരന്നു നോക്കിയപ്പോഴാണ് കഴുത്തറുത്ത് മരിച്ച നിലയിൽ ആറു വയസുകാരൻ ദേവദാസൻ്റെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് താമസിക്കുന്ന ദേവദാസൻ്റെ ബന്ധു അഴകേശനെ നാട്ടുകാർ പിടിച്ചു വച്ചു ചോദ്യം ചെയ്തതോടെ നരബലിയുടെ ചുരുളഴിഞ്ഞു.

ദേവപ്രീതിക്ക് വേണ്ടിയാണ് നരബലി നടത്തിയത് എന്നായിരുന്നു അന്ന് അഴകേശൻ പൊലീസിനോട് പറഞ്ഞത്.കുട്ടിയെ ബലി നൽകിയ കളരിത്തറ അഴകേശനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തല്ലി തകർത്തു. ക്രൂരമായ കൊലപാതകത്തിന്റെ ഓരോ തെളിവും പൊലീസ് കോടതിയിൽ നിരത്തി. ഒടുവിൽ കോടതി വിധിയെത്തുടർന്ന് അഴകേശനെ തൂക്കിലേറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here