കേരളത്തിന് സമീപം ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഉയര്‍ത്താന്‍ കര്‍ണാടക; മോദി ‘പേടി’യില്‍ ബൊമ്മെയുടെ തീരുമാനം നിര്‍ണായകം

0
237

കേരളത്തിന് സമീപം രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മ്മിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് ബദലായാണ് പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മ്മിക്കുക. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഗുജറാത്ത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ്. ഇതിനെ മറികടക്കുന്ന സ്‌റ്റേഡിയം മൈസൂരില്‍ ഉയരണമെന്നാണ് ക്രിക്കറ്റ് അസോസിയേഷനും ആരാധകരും ആവശ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി പേരിനെ മറികടക്കുന്ന ഒരു സ്‌റ്റേഡിയം നിര്‍മ്മിക്കുന്ന നടപടികളിലേക്ക് കര്‍ണാടക സര്‍ക്കാര്‍ കടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം മൈസൂരുവില്‍ നിര്‍മിക്കാനുള്ള കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ പദ്ധതിനിര്‍ദേശത്തിന് അടുത്ത മന്ത്രിസഭ അനുമതി നല്‍കും.

പദ്ധതിക്കായി മുന്‍കൈയെടുക്കുന്ന മൈസൂരു എം.പി. പ്രതാപസിംഹ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് ഇതുസംബന്ധിച്ച് കത്തയച്ചിരുന്നു. കത്തിനോട് അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി വിഷയം മന്ത്രിസഭ പരിഗണിക്കുമെന്ന് അറിയിച്ചതായി പ്രതാപസിംഹ വ്യക്തമാക്കി.

ക്രിക്കറ്റ് സ്റ്റേഡിയത്തിനായി റിങ് റോഡിലെ ഹാന്‍ചയ സാത്തഗള്ളി ലേഔട്ടില്‍ 19 ഏക്കര്‍ ഭൂമി മൈസൂരു നഗരവികസന അതോറിറ്റി നീക്കിവെച്ചിട്ടുണ്ട്. എട്ടുവര്‍ഷംമുമ്പ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നഗരവികസന അതോറിറ്റിക്ക് നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് സ്ഥലം അനുവദിച്ചത്.

എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കാതിരുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തെക്കാളും മികച്ച സ്റ്റേഡിയമാണ് മൈസൂരുവില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ മൈസൂരുമേഖലാ കണ്‍വീനര്‍ എസ്. സുധാകര്‍റായി വ്യക്തമാക്കി.

അഹമ്മദാബാദിലെ മൊട്ടേരയില്‍ സ്റ്റേഡിയം 2016 പുതുക്കിപ്പണിതാണ് ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയമെന്ന് റിക്കാര്‍ഡ് സ്വന്തമാക്കിയത്. 2020 ഫെബ്രുവരിയിലാണ് സ്‌റ്റേഡിയം തുറന്നു നല്‍കിയത്. 800 കോടി രൂപ ചെലവിലാണ് സ്‌റ്റേഡിയം നവീകരിച്ചത്.

ഇപ്പോള്‍ സ്റ്റേഡിയത്തില്‍ 1,10,000 പേര്‍ക്ക് ഇരിക്കാം. ഇതോടെ ലോകത്തെ ഏറ്റവും ഇരിപ്പിട സൗകര്യമുള്ള ക്രിക്കറ്റ് സ്റ്റേഡിയമായി മാറി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് (1,00,000 ഇരിപ്പിടങ്ങള്‍) രണ്ടാമത്. 63 ഏക്കറിലാണ് സ്റ്റേഡിയം പടര്‍ന്നുകിടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here