മലയാള ഭാഷയെ മാലിന്യത്തിൽനിന്ന് മോചിപ്പിക്കാൻ ‘കുഴിമന്തി’ എന്ന വാക്ക് നിരോധിക്കണമെന്നെഴുതിയ വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. ഒരു ദിവസത്തേക്ക് കേരളത്തിന്റെ ഏകാധിപതിയായി നിയമിക്കപ്പെട്ടാൽ ആദ്യം ചെയ്യുക കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
“ഒരു ദിവസത്തേക്ക് എന്നെ കേരളത്തിൻ്റെ ഏകാധിപതിയായി അവരോധിച്ചാൽ ഞാൻ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്. പറയരുത്, കേൾക്കരുത്, കാണരുത്, കുഴി മന്തി,” വി കെ ശ്രീരാമൻ ഫേസ്ബുക്കിൽ എഴുതി.
പോസ്റ്റിനെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേർ രംഗത്തുണ്ട്. വേറിട്ട കാഴ്ചകൾ കണ്ട ഒരാളുടെ കുറിപ്പാണിതെന്ന് ഓർക്കുമ്പോൾ ഞെട്ടലുണ്ടെന്നാണ് കവി കുഴൂർ വിത്സന്റെ പ്രതികരണം. ഞങ്ങടെ നാട്ടിൽ പോത്തിന്റെ അകത്തണ്ടി ഫ്രൈ ഒക്കെ കിട്ടുന്ന കടകളുണ്ട്. എല്ലാ ഹോട്ടലുകൾക്കും ഞാറ്റുവേല എന്ന് പേരിടാൻ പറ്റുമോ മാഷേ. തിന്നുന്നതിൽ തൊട്ടുകളിച്ചാൽ വിവരമറിയുമെന്നും വിത്സൻ കുറിച്ചു.
വാക്കുകളെ പുറന്തള്ളാനുള്ള ശ്രമം ജനാധിപത്യം എന്ന സങ്കൽപത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന് കവിയും അധ്യാകനുമായ വി. അബ്ദുൽ ലത്തീഫ് അഭിപ്രായപ്പെട്ടു. സാംസ്‌കാരിക വൈവിധ്യങ്ങളോടെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുന്ന ഒന്നുകൂടിയാണ് ജനാധിപത്യം. ഭാഷ, വേഷം, ഭക്ഷണരീതി എന്നിവയൊക്കെ വരേണ്യമായ ഏതെങ്കിലുമൊന്നിലേക്ക് ചുരുക്കുന്നതല്ല. ഭിന്നമായി നിൽക്കുമ്പോഴും പരസ്പരബഹുമാനത്തിന്റെ ചേർച്ച കാണിക്കുന്നതാണ് ജനാധിപത്യമെന്നും അദ്ദേഹം കുറിച്ചു. അതേസമയം ശ്രീരാമന്റെ പോസ്റ്റിന് പിന്തുണയുമായി ഇടതു ചിന്തകൻ സുനിൽ പി ഇളയിടവും എഴുത്തുകാരി ശാരദക്കുട്ടിയും എസ് ശാരദക്കുട്ടിയും രംഗത്തെത്തി.