‘ഒരു വിഭാ​ഗത്തിന്റെ സ്ഥാപനങ്ങളിൽനിന്ന് സാധനം വാങ്ങരുത്, ബഹിഷ്കരിക്കണം’; അനുയായികളെ പ്രതിജ്ഞയെടുപ്പിച്ച് എംപി

0
236

ദില്ലി: വർ​ഗീയ പ്രസംഗം നടത്തിയ ബിജെപി നേതാവ് വിവാദത്തിൽ.  ബിജെപി എംപി പർവേഷ് സാഹിബ് സിംഗ് വർമയാണ് വിവാദത്തിൽപ്പെട്ടത്. വടക്കുകിഴക്കൻ ദില്ലിയിലെ ദിൽഷാദ് ഗാർഡനിൽ സംഘടിപ്പിച്ച പൊതുയോ​ഗത്തിലായിരുന്നു എംപിയുടെ വിവാദ പ്രസം​ഗം. പ്രസം​ഗത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ഒരുവിഭാ​ഗത്തെ സമ്പൂർണമായി ബഹിഷ്കരിക്കണമെന്ന് എംപി പ്രസം​ഗത്തിൽ പറഞ്ഞു. അവരുടെ ബുദ്ധി ശരിയാക്കാനും അവരെ നേരെയാക്കാനും എന്തുചെയ്യണമെന്നും ഇയാൾ പ്രസം​ഗത്തിൽ പറയുന്നു. ഒരുവിഭാ​ഗത്തെ സമ്പൂർണമായി ബഹിഷ്കരിക്കാൻ ഇയാൾ അനുയായികളെക്കൊണ്ട് പ്രതിജ്ഞയുമെടുപ്പിച്ചു.

അവരിൽ നിന്ന് പച്ചക്കറികൾ വാങ്ങരുതെന്നും  അവരുടെ കടകൾക്ക് ലൈസൻസ് ഇല്ലെങ്കിൽ അടച്ചുപൂട്ടാൻ കോർപ്പറേഷനെ അറിയിക്കണമെന്നും എംപി പറഞ്ഞു. അവരെ എവിടെ കണ്ടാലും അവരുടെ ബുദ്ധ ശരിയാക്കി അവരെ നന്നാക്കണമെങ്കിൽ സമ്പൂർണമായി ബഹിഷ്കരിക്കുകയാണ് ഏകപ്രതിവിധിയെന്നും സമ്മതമാണെങ്കിൽ കൈ ഉയർത്തണമെന്നും എംപി പറഞ്ഞു. ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ നന്ദ് കിഷോർ ഗുർജാർ വർമയും വിവാദ പരാമർശം നടത്തി. മുസ്ലീങ്ങളെക്കുറിച്ചുള്ള ഗുർജറിന്റെ വിവാദ പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. നമ്മുടെ മനോഹരമായ നഗരം പന്നികളുടെ നഗരമായി മാറിയിരിക്കുന്നുവെന്ന് ബിജെപി എംഎൽഎ പറഞ്ഞു. ഒരു മതവിഭാഗത്തിന്റെയും പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു എംപിയുടെ പ്രതികരണം. ഞാൻ പറഞ്ഞത് ഇത്തരം കൊലപാതകങ്ങൾ നടത്തുന്ന കുടുംബങ്ങളെ ബഹിഷ്‌കരിക്കണമെന്നാണെന്നും അത്തരക്കാരെ ബഹിഷ്കരിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. വർമയുടെ പ്രസംഗത്തെ എതിർത്ത് സോഷ്യൽമീഡിയയിൽ നിരവധി പേർ രം​ഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും ട്വിറ്ററിൽ നിരവധിപേർ ടാഗ് ചെയ്തു. ബിജെപി നേതാവിന്റെ വിവാദ പരാമർശത്തെ പിന്തുണച്ചും ചിലർ രം​ഗത്തെത്തി. ഹൈദരാബാദ് എംപിയും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവനുമായ അസദുദ്ദീൻ ഒവൈസി പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ചു. ബിജെപി മുസ്ലീങ്ങൾക്കെതിരെ യുദ്ധം തുടങ്ങിയെന്നും ആഭ്യന്തരമന്ത്രി അമിത് ഷായും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മൗനം വെടിയണമെന്നും ഭരണകക്ഷിയുടെ എംപിക്ക് ഇങ്ങനെ പ്രസം​ഗിക്കാമെങ്കിൽ ഭരണഘടനയുടെ മൂല്യം എന്താണെന്നും അദ്ദേഹം ചോ​ദിച്ചു.

എംപിക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് വക്താവ് ഷാമ മുഹമ്മദ് ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടു. ബിജെപി എംപി പർവേഷ് വർമ്മ ഡൽഹിയിലെ ജനങ്ങളോട് മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാൻ ആജ്ഞാപിക്കുന്നു. സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തിയതിന് ഇയാൾക്കെതിരെ ദില്ലി പോലീസ് നടപടിയെടുക്കുമോ. പ്രധാനമന്ത്രി മോദി ഈ പ്രസംഗത്തെ അംഗീകരിക്കുന്നുണ്ടോയെന്നും അവർ ചോദിച്ചു.

ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ പരിശോധിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. റാലി നടത്താൻ അനുമതി വാങ്ങാത്തതിന് പരിപാടിയുടെ സംഘാടകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ദില്ലി പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here