ഒടുവില്‍ ആ തീരുമാനം ഔദ്യോഗികമാക്കി ബിസിസിഐ, ജസപ്രീത് ബുമ്ര ലോകകപ്പിനില്ല

0
178

മുംബൈ: ജസ്പ്രീത് ബുമ്ര ലോകപ്പില്‍ കളിക്കുമെന്ന അവസാന പ്രതീക്ഷയും അവസാനിച്ചു. ബുമ്രക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു ബുമ്ര. മെഡിക്കല്‍ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബുമ്രക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ ഒടുവില്‍ സ്ഥിരീകരിച്ചത്.ടി20 ലോകകപ്പിലെ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ജസ്പ്രീത് ബുമ്ര ലോകകപ്പില്‍ കളിക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ നേരത്തെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡോ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയോ തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ സ്ഥിരീകരണം എത്തിയിരിക്കുന്നത്. ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ മുതുകിന് പരിക്കേറ്റ ബുമ്ര രണ്ട് മാസത്തെ വിശ്രമത്തിനുശേഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന ബുമ്ര രണ്ടും മൂന്നും മത്സരങ്ങളില്‍ കളിച്ചിരുന്നു.

എന്നാല്‍  ഇതിന് പിന്നാലെ വീണ്ടും പുറംവേദന അനുഭവപ്പെട്ട ബുമ്രയെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.ബുമ്രയെ കഴിഞ്ഞ ദിവസം സ്കാനിംഗിന് വിധേയനാക്കിയിരുന്നുവെന്നും പരിക്ക് അത്ര ഗുരുതരമല്ലെന്നും നാലു മുതല്‍ ആറാഴ്ചവരെ വിശ്രമം മതിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ ബുമ്രയെ ടി20 ലോകകപ്പില്‍ അവസാന മത്സരങ്ങളിലെങ്കിലും കളിപ്പിക്കാനാവുമെന്ന് ടീം മാനേജ്മെന്‍റിന് പ്രതീക്ഷയുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ ലോകകപ്പ് ടീമില്‍ ബുമ്രയുടെ പകരക്കാരനായി ആരെയും ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. അതിനിടെ മുഹമ്മദ് സിറാജിനെയും ഉമ്രാന്‍ മാലിക്കിനെയും ലോകകപ്പ് ടീമില്‍ റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുക്കുകയും ചെയ്തു ബുമ്ര കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ സിറാജോ ഉമ്രാന്‍ മാലിക്കോ സ്റ്റാന്‍ഡ് ബൈ ലിസ്റ്റിലുള്ള മുഹമ്മദ് ഷമിയോ 15 അംഗ ടീമിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here